വയല്‍
ഈ വയലില്‍ അധികം വിളകളൊന്നും കണ്ടേക്കില്ല.നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും സൌരോര്‍ജത്തിനും വായുവിനും ജലത്തിനും അനുസരിച്ചുള്ള പ്രാകൃതിക,ജൈവകൃഷിരീതിയാണിത്.അന്തകജനിതകവിത്തുകള് വിതയ്ക്കാതിരിക്കാന് പരമാവധി ശ്രമിച്ചിട്ടുണ്ട്.വിളകള്‍ക്ക് ആരോഗ്യവും സൌന്ദര്യവുമുണ്ടോയെന്നു നിശ്ചയിക്കേണ്ടത് നിങ്ങളാണ്.
Search This Blog
Feb 22, 2018
Sep 18, 2015
പിന്നെയെല്ലാം തിക്തം
നിന്റെ നീള്‍മിഴിയില്‍ നിന്ന്
എത്രയാണ് പെയ്തു തോരുന്നത്?
പുരികക്കൊടിയില്‍
എത്രമാത്രമാശ്ചാര്യമാണ്
നിറച്ചു വെച്ചിരിക്കുന്നത്?
കണ്മഷിപ്പീലികളില്‍
എത്ര മയിലാട്ടമാണ്?
സിന്ദൂരനെറ്റിയില്‍
എത്രമാത്രം രഹസ്യങ്ങളാണ്
ചെമ്മണ്‍പാതയാകുന്നത്?
കവിളുകള്‍ക്കെന്തു മാത്രം
വിപ്ലവച്ചോപ്പാണ്?
നുണക്കുഴികള്‍ക്കെന്തു മാത്രം
ചതിയുടെയാഴമാണ്?
അധരങ്ങള്‍ക്ക്
ചെറിയുടെ മധുരവും
സ്ട്രോബെറിയുടെ തണുത്ത ചോപ്പുമാണ്.......
Sep 7, 2015
മഹാഭാരതം
പ്രിയ കല്‍ബുര്‍ഗീ,
ഈ നരകത്തില്‍ നിന്ന്
നിന്നെയവര്‍
മോചിപ്പിക്കുകയായിരുന്നു.
അനന്തമൂര്ത്തിയുടെയും
ധബോല്‍ക്കറുടെയും
പന്സാരെയുടെയും
സ്വതന്ത്രാവിഷ്ക്കാരസ്വര്‍ഗത്തിലേക്ക്.
അവര്‍
ഷാര്‍പ്പ് ഷൂട്ടേര്‍സാണ്.
ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന്
ത്രിശൂലത്തില്‍ കോര്‍ത്ത്
വിദ്വേഷത്തീയിലേക്ക്
വലിച്ചെറിഞ്ഞിരുന്നവരാണ്.
ആനന്ദുപട്വര്ധന്റെ
ഡോകുമെന്ടറിയില്‍ നിന്നിറങ്ങി വന്നവരെപ്പോലെ
ഉറഞ്ഞ്,
പറ്റങ്ങളായി,
കലിയാടി
ജന്തുസഹജമായ
എല്ലാ നൃശംസതകളും
കെട്ടഴിച്ചു വിടുന്നവരാണ്.
അവരേറ്റവും ഭയക്കുന്നത്
എഴുത്തുമുറിയാണ്.
അതുകൊണ്ടാണവര്‍
തീന്മുറിയില്‍ നിന്ന്
നിന്നെ സ്വതന്ത്രനാക്കിയത്.
ആശയങ്ങളില്ലാത്തതും
മനുഷ്യരിലാശയില്ലാത്തതുമാണവരെ
അന്ധരാക്കുന്നത്.
വേദം കേട്ടതിന്റെ പേരില്‍
ശൂദ്രന്റെ കാതില്‍
ഈയമുരുക്കിയൊഴിച്ചതിനാല്‍
ബധിരരുമായി.
രോമകൂപങ്ങളില്‍ നിന്ന്
പകയും അസൂയയുമാണ്
വമിക്കുന്നത്.
പെരുമാള്‍ മുരുകനെക്കാള്‍
നിന്നെയവര്‍ ഭയക്കുന്നു.
നിനക്ക് ജംബുകന്റെ വിധിയായിരുന്നു.
അധികാരത്തിനു
അടുത്തയിരയെയും
പ്രഖ്യാപിക്കാന്‍ കഴിയും.
കീഴടക്കപ്പെട്ടവന്റെ
നെറ്റിയിലെ ഒത്ത മധ്യത്തില്‍ വെടിയുതിര്‍ത്തു
ഏറ്റുമുട്ടല്‍ കൊലപാതകമോ
രാജ്യരക്ഷയോയായി
പതക്കങ്ങളും കിരീടങ്ങളും
നേടാനാവും.
പ്രിയ കല്‍ബുര്‍ഗീ,
അങ്ങ് ഭാഗ്യവാനാണ്.
പക്ഷികള്‍ പറക്കാത്ത നീലാകാശവും
മല്സ്യങ്ങളില്ലാത്ത കടലും
മരങ്ങളും പൂക്കളുമില്ലാത്ത കാടും
തെളിനീരുറവയില്ലാത്ത താഴ്വരയും
അങ്ങേക്കിനി കാണേണ്ടി വരില്ല.
ആവിഷ്ക്കാരസ്വതന്ത്രവും
ചതികളില്ലാത്തതുമായ(?)
യമലോകത്ത്
അങ്ങ്
വിശ്രമിക്കൂ,
വര്‍ഗീയഭീതിയില്‍ കൈ വിറക്കാതെ
എഴുതൂ,
മനുഷ്യരെയൊന്നായി കാണുന്ന
സുരഭിലമാം പാട്ടുകള്‍ പാടൂ,
പ്രലോഭനവും പരനിന്ദയും തീണ്ടാത്ത
കാണികള്‍ ഭക്ഷിക്കൂ,
സൂര്യലെന്സുകളാല്‍ ഒപ്പിയെടുത്ത
മഴവില്ലിന്റെ തിരശ്ശീലയില്‍ വിരിയുന്ന
ദുഖങ്ങളും വേദനകളും
രോഗങ്ങളും യുദ്ധങ്ങളുമില്ലാത്ത
സിനിമകള്‍ കാണൂ,
ആനന്ദിക്കൂ......
ഞങ്ങളീ നരകജനാലകളിലൂടെ
അങ്ങയുടെ സന്തോഷം
കണ്കുളിര്‍ക്കെ
ഹൃദയം നിറഞ്ഞ്
കരള്‍ വിജൃംഭിച്ച് കാണാം.
Jun 14, 2015
May 29, 2015
ശിക്ഷ
പുസ്തകത്താളില്‍
പെറ്റ് പെരുകുന്നത്
കാണാന്‍
സൂക്ഷിക്കാന്‍
മയില്‍പ്പീലിയില്ല.
മയിലുകളെവിടെ?
വസിക്കാന്‍
കാടുകളെവിടെ?
മഞ്ചാടിമണികള്‍
പെറുക്കാന്‍
ഇടവഴികളില്ല.
ചാഞ്ഞുനില്‍ക്കും
മരങ്ങളില്ല.
ഞാവല്‍പ്പഴത്തിന്‍
ചവര്‍പ്പും മധുരവും
നീലിച്ച നാവുകളില്ല.
കനത്ത ബുള്‍ഡോസറിന്‍ വായ
പച്ചകളെയെല്ലാം
വിഴുങ്ങിയല്ലോ.
വിരസമാം ഗണിതത്തിന്നുപകരണപ്പെട്ടിയില്‍
രഹസ്യങ്ങളൊന്നുമില്ലല്ലോ.
സൂക്ഷിക്കാനയവിറക്കാന്‍.
ഉത്സവപ്പറമ്പിലിരുട്ടില്‍
തണുപ്പില്‍
ആരും കാണാതെ
ഞെരിക്കാന്‍
കുപ്പിവളക്കൈകളില്ല.
മടക്കി നിലത്തമര്ത്തി വെച്ച
കൈവിരലുകളില്‍
വേദനയുടെ പെരുക്കം
സൌഹാര്ദമായി നിറയുന്ന
കോട്ടികളിയില്ല.
പൂക്കൊട്ടകളുമായി
തലങ്ങും വിലങ്ങും പറക്കുന്ന
കുരുന്നു ശലഭങ്ങളുടെ
ഓണമൈതാനങ്ങളില്ല.
അക്ഷരത്തിലും വര്‍ണത്തിലും
രാഗങ്ങളിലും താളങ്ങളിലും
ഒളിപ്പിച്ചു വെച്ച
പ്രണയപ്പൊതികള്‍
സ്വീകരിക്കാന്‍
മോഹിതരില്ല.
.
Subscribe to:
Posts (Atom)