Search This Blog

Dec 2, 2011

ശൈത്യ സംവാദം

ഇന്ന് ഞങ്ങള്‍ കുറച്ചധ്യാപകര്‍ ആരുടെ കവിതയാണ് മികച്ചത്  എന്ന സംവാദത്തില്‍ ഏര്‍പ്പെട്ടു.ഓ.എന്‍.വി.യുടെ യും മധുസൂദനന്‍ നായരുടെയും കവിതകളാണ് മുന്തിയത് എന്ന് ഒരു ടീച്ചര്‍ വാദിച്ചപ്പോള്‍ ഞാന്‍ വിനീതമായി വിയോജിച്ചു.ഓ.എന്‍.വി.യുടെ കവിതകള്‍ ജ്ഞാന സമ്പാദന തിനപ്പുറം ഒന്നുമല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു.കവിതയ്ക്ക് താളം വേണം മാഷേ....


താളം മാത്രമുണ്ടായാല്‍ കവിതയാകുമോ എന്ന് ഞാന്‍ ചോദിച്ചു.ഭാവമല്ലേ കവിത.താളത്തെക്കാള്‍....പാറ പൊട്ടിക്കുന്നതിനും,വിറകു കീറുന്നതിനും,മണിയടിക്കുന്നതിനും,പല്ല് തേക്കുന്നതിനും ,കുളിക്കുന്നതിനും,മുടി ചീകുന്നതിനും താളമുണ്ട്.പക്ഷെ അത് കവിതയാകുന്നില്ല.അത്തരം പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് പ്ലൈന്‍ ആയി എഴുതിയാലും കവിതയാകുന്നില്ല.പകരം അതിന്റെ ഭാവാത്മകവും ധ്യാനാത്മകവും ആയ മാനസിക പ്രവര്‍ത്തനങ്ങളെ ക്കുറിചെഴുതിയാല്‍ കവിതയായി എന്ന് പറയാം.വളരെ ഉപരിപ്ലവം ആയി താളാത്മകം ആയി എഴുതിയാല്‍ കവിതയായി എന്ന് പറയാന്‍ കഴിയുമോ....


സച്ചിദാനന്ദന്റെ കവിത തനിക്കിഷ്ടമില്ലെന്നു മറ്റൊരു സുഹൃത്ത്‌ കൂടി പറഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് നമ്മുടെ സമൂഹത്തില്‍ ഇന്നും കവിതയെ കുറിച്ച് വളരെ യാഥാസ്ഥിതികം ആയ കാഴ്ചപ്പാടുകള്‍ മുന്തി നില്‍ക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു പോയി.ഇന്നും കവിതയെന്നാല്‍ വള്ളത്തോള്‍ അല്ലെങ്കില്‍ ശങ്കരക്കുറുപ്പ്....പുതിയ കാലം അത്ര മേല്‍ ആരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.വല്ലതോളിന്റെയും ശങ്കരക്കുരുപ്പിന്റെയും ഓ.എന്‍.വി.യുടെയും കവിതകളില്‍ രാഷ്ട്രീയം ഉപയോഗിച്ചാല്‍ തന്നെ അത് രാഷ്ട്രീയത്തിന് വേണ്ടിയുള്ള രാഷ്ട്രീയമായി അധപ്പതിക്കുകയെയുള്ളൂ.



ഭാവഗായകര്‍  എന്ന നിലയില്‍ ഇത്തരം കാല്‍പനിക കവികള്‍ അമ്ഗീകരിക്കപ്പെടുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഭൂരിപക്ഷം പേരും പറയുക.മലയാളിയുടെ സൌന്ദര്യ ബോധത്തിന് അകത്തു വേരുറച്ചു  പോയ കപടമായ  സംകല്‍പമാണ് ഇത്.കാല്‍പനിക ചക്രവര്‍ത്തിമാരായ ചങ്ങമ്പുഴയില്‍ നിന്നും ഇടപ്പള്ളിയില്‍ നിന്നും കാലികതയുടെ അല്പമാത്ര രാഷ്ട്ര്രീയത ഓ.എന്‍.വി.ടീമിനെ വേര്‍തിരിച്ചു നിര്തുന്നുന്ടെങ്കിലും ജ്ഞാനപ്രകാശനം എന്നതില്‍ കവിഞ്ഞ ഒരു സ്വാഭാവിക രാഷ്ട്രീയം ഈ ടീമിനുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.



എന്തിനാണ് കവിതയില്‍ രാഷ്ട്രീയം പ്രയോഗിക്കുന്നത് എന്ന ചോദ്യം തന്നെ ബാലിശമാണ്.കവിത തന്നെ രാഷ്ട്രീയം ആയിരിക്കണം എന്നതാണ് അതിന്റെ ഉത്തരം.സാഹിത്യവും കലയും സംസ്കാരവും രാഷ്ട്രീയത്തിന് വേണ്ടി യായിരിക്കണം.അപ്പോള്‍ കവിതയില്‍ രാഷ്ട്രീയം ഉപയോഗിക്കേണ്ടി വരില്ല.സാഹിത്യതിനെക്കാള്‍ ശുദ്ധ രാഷ്ട്രീയം ആണ് സ്വാഭാവികം എന്ന് തിരിച്ചറിഞ്ഞതിനു ശേഷം ആയിരിക്കണം അരുന്ധതി റോയ് ഫിക്ഷനെ ഉപേക്ഷിച്ചു ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്.അക്ടിവിസത്തിനു ഫിക്ഷന്‍ പോരെന്നു അരുന്ധതി മനസ്സിലാക്കിയിരിക്കാം.ഫിക്ഷനിലൂടെയും പ്രതിജ്ഞ ബധത തെളിയിക്കാം എന്നിരിക്കെ......



വള്ളത്തോള്‍ ദേശഭക്തി ഗാനങ്ങളും ഓ.എന്‍.വി.വിപ്ലവപാര്ടി ഗാനങ്ങളും എഴുതിയിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല.പക്ഷേ വിപ്ലവബോധവും രാഷ്ട്രീയ ബോധവും കവിതയുടെ ബാഹ്യപ്രകൃതി എന്നതിനേക്കാള്‍ അതിന്റെ ആന്തരിക ലോകമ ആയി വികസിക്കുമ്പോള്‍ ആണ് കവിത വിജയിക്കുക.അല്ലെങ്കില്‍ അത് മുദ്രാവാക്യ കവിതയോ വെറും വന്ദേ മാതര്മോ ആയി ചുരുങ്ങിപ്പോകും.



വൈലോപ്പിള്ളി ,ഇടശ്ശേരി,ആശാന്‍ കവിതകളിലെ രാഷ്ട്രീയത്തിന്റെ പ്രത്യേകതകള്‍ ഇതാണ്.വിപ്ലവത്തിന്റെയും വ്യവസ്ഥിതിക്കെതിരെയുള്ള വിമര്‍ശനത്തിന്റെയും ജ്വാലകള്‍ ആന്തരികമായാണ് കാണാന്‍ കഴിയുക.അത് കൊണ്ടാണ് ഇത്തരം കവിതകള്‍ വെറും ഏറു പടക്കങ്ങള്‍ ആയിപ്പോകാതെ അതീത കാലത്തെയും നീരിപ്പുകയ്ക്കുന്ന വെടിമരുന്നു ആകുന്നതു.



ക്ലാസ്സിക് സ്വഭാവം ആണ് ഓ.എന്‍.വി.ഫാന്‍സ്‌ ക്ലബ്‌ അംഗങ്ങള്‍ എടുത്തു കാട്ടുന്ന മറ്റൊരു പ്ലസ്‌ പോയിന്റ്‌.കാല്പനികം ആയ ക്ലാസ്സിക് സ്വഭാവം യഥാര്‍ത്ഥത്തില്‍ ചെടിപ്പാന് അനുഭവപ്പെടുത്തുക.നിരന്തര പാരായണം നടത്തി നോക്കിയാല്‍ ഇത് മനസ്സിലാകും.ബഷീറിന്റെയും മാധവിക്കുട്ടിയുടെയും കൃതികള്‍ എത്ര വായിച്ചാലും പുതിയ അര്‍ത്ഥ പരികല്പനകള്‍ ലഭിക്കുന്നതിനു പിന്നിലുള്ള മാന്ത്രികത ,അത് ജീവിതവുമായി അത്ര മേല്‍ യഥാതതം ആണ് എന്നതാണ്.



സുഹൃത്തുക്കളെ .ഇനി നിങ്ങളുടെ പ്രതികരണം അറിഞ്ഞതിനു ശേഷം ഞാനീ വിഷയത്തില്‍ പ്രതികരിക്കുന്നതല്ലേ നല്ലത്.നിങ്ങള്ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഏറെ ആഹ്ലാദ കരമാണ്.അതിനനുസരിച്ച് എന്റെ നിരീക്ഷങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കാം .....





2 comments:

  1. മാഷെ, വിദ്യാര്‍ധിയില്‍ നിന്നുമാണ് ഇവിടെ എത്തിച്ചേര്‍ന്നത്‌. താങ്കളുടെ കാഴ്ചപ്പാടുകളെ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. കവിതകളും ലേഖനങ്ങളും വായിച്ചു. തുടര്‍ന്നും എഴുതുക. അഭിവാദ്യങ്ങളോടെ...

    ReplyDelete