Search This Blog

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Apr 4, 2012


ലജ്ജ


ഞങ്ങള്‍ക്ക് നീ നല്‍കിയ
ഒരുരുള ചോറ്
തട്ടിപ്പറിചെടുക്കാന്‍ മാത്രം
ദുഷ്ടനാണ്
നീയെന്നറിഞ്ഞില്ല.

പ്രതിരോധിക്കുമെന്ന് കരുതി
നീയതില്‍
വിഷവും ചേര്‍ത്തിരുന്നു,അല്ലേ......

ഭിന്നിപ്പിച്ചു ഭരിക്കുന്നതിനാല്‍
ആ ഒരുരുള
തട്ടിയെടുക്കേണ്ടതില്ലായിരുന്നു.

മല്‍സരം തുടങ്ങുന്നതിനു മുന്‍പ്
വന്നത് നന്നായി.
ആഭ്യന്തരകലഹത്തില്‍
പിച്ചിച്ചീന്തപ്പെട്ടെനെ....

Mar 13, 2012

വചനം

ഇന്നത്തെ
മെറ്റാഫിസിക്കല്‍  പ്രശ്നം
വാക്കാണെന്നാണ്
യൂജിന്‍ ജോലാസ്‌
പറഞ്ഞത്.

“കൊഞ്ഞാണന്‍”
“നികൃഷ്ട ജീവി”
“കുരങ്ങന്‍”
“ശുംഭന്‍”
“ഒരുത്തി”
“അഭിസാരിക”

ഇങ്ങനെ പോയാലെന്താ
ചെയ്യ്‌ാ
കംമുനിസ്ടുകാര്‍ക്ക്
ധാര്‍മികത
തീരെയില്ലേ?
സംസ്കാരമില്ലേ?

കൂട്ടം തെറ്റിയ
കുഞ്ഞാടുകളില്‍ നിന്ന്
ദൈവവിളിയുണ്ടായവര്‍
ഇടയനെതിരഞ്ഞു
തിരിച്ചെത്തിയതാണ്
അവരെ
ചൊടിപ്പിക്കുന്നത്.

ജ്ഞാനസ്നാനം ചെയ്യിച്ചു
പോട്ടയിലോ
മലയാറ്റൂരിലോ
കൊണ്ടുപോയി
 ധ്യാനിപ്പിക്കണം.

പാര്‍ടിയിലുള്ള
ചഞ്ചലചിത്തരെ,
അധികാര ധന മോഹികളെ,
വലിച്ചെടുക്കാന്‍
കഴിയുന്നുണ്ട്.

അന്ത്യകൂദാശക്ക്  മുന്‍പേ
കര്‍ത്താവിനു
സ്തോത്രം ചെയ്യിക്കാന്‍
കഴിഞ്ഞാല്‍
ഉയര്‍ന്നപദവികള്‍
സ്ഥാനാരോഹണങ്ങള്‍
വിദേശമൂലധനനിക്ഷേപങ്ങള്‍.

നമ്മുടെ  സ്വാശ്രയ സ്വപ്നങ്ങള്‍ക്ക്  മേലെ
കരിനിഴല്‍ വീഴ്ത്തിയതിന്
കൊടുത്താല്‍ കൊല്ലത്തും കിട്ടും
കണക്കെ
ഞങ്ങള്‍
തെരഞ്ഞെടുപ്പിലാണ്
തിരിച്ച് കടിച്ചത്.

കോടികള്‍ മുടക്കിയാണ് പോലും
“തിരുവത്താഴത്തി”നു
ഡ്യുപ്ലിക്കേടുണ്ടാക്കിയത്.
കസേരയെക്കുറിച്ചോര്‍തെങ്കിലും
അത് ചെയ്യരുതായിരുന്നു.
കംമുനിസ്ടുകാര്‍ക്ക്
നേരംവെളുക്കുന്നത്
പാതിരാത്രിയിലാണെന്ന്
വെറുതെയല്ല പറയുന്നത്.

വീണേടം
 വിഷ്ണുലോകമാക്കുമവര്‍
യേശുവിനെ
വിശുദ്ധ വിപ്ലവകാരിയാക്കി
അദ്ഭുത പ്രവൃത്തി.

അമ്പത്തിയേഴില്‍ പോലും
ഞങ്ങളുടെ ശക്തിയവര്‍
കണ്ടതാണ്.
എന്നിട്ടും
“പാഠം” പഠിച്ചില്ലെങ്കില്‍
അവര്‍ക്കെന്തോ
കുഴപ്പമുണ്ടെന്നു
സമാധാനിക്കാം.

അവര്‍ ചെയ്യുന്നതെന്തെന്ന്
അവരറിയുന്നില്ല,
അവരോടു പൊറുക്കേണമേ,
ആമേന്‍!

Mar 3, 2012


കോരുവല
ഞാനും നീയുമൊന്നിച്ചു
ആഴക്കടലിലേക്ക്
തുഴഞ്ഞിരുന്നു.

നമുക്കാ ചാകരയില്‍
നല്ല കൊയ്ത്തു കിട്ടിയിരുന്നല്ലോ .

എന്ന് മുതലാണ്‌ നീ ,
തനിച്ചു
വലവീശാനിറങ്ങിയത്?
ലാഭം തനിച്ചു സ്വന്തമാക്കുമ്പോള്‍
നിനക്ക്
സന്തോഷമുണ്ടാകുമോ?

ചെറിയ മീനുകളെ
കൊരുക്കുന്നതാണ് നല്ലത്.
അവ വലക്കണ്ണികളില്‍
മൃദുവായി
 ചുണ്ടുകള്‍
ചേര്‍ത്ത് വെക്കയേയുള്ളൂ.

വലിയ മീനുകള്‍
അപകടകാരികളാണ്.
അവ
വല പൊട്ടിച്ചു
കടലിനെ പോലും
വിഴുങ്ങും.

Nov 25, 2011

അണ

അണമുറിയാത്ത അടുപ്പം
നമ്മള്‍ തമ്മില്.
ആഴം അളന്നു നോക്കാത്ത സ്നേഹം.
പ്രയോജനജന്യമാണോ,
വിപരീതഫലം ചെയ്യുമോ,
വിരക്തി തോന്നുമോ
എന്നൊന്നും നോക്കാത്ത കാരുണ്യം 
നമ്മള്‍ തമ്മില്‍ .


അണ മുറിയുമ്പോള്‍
ഇതെല്ലാം
ഒരൊറ്റ നിമിഷത്തിന്റെ
അല്പായുസ്സില്.
എന്റെ ജീവനേ,
പരിരംഭ ണത്തോടെ
നമുക്ക്
പ്രവാഹമാകാം .
നമ്മുടെ മക്കളെയും
കോര്‍ത്ത്‌ തുഴയാം .

വ്യര്ത്ഥസമ്പാ ദ്യങ്ങ ളെല്ലാം
എല്ലാവരുടെതുമാകട്ടെ.
നമുക്ക്
പ്രളയത്തിലും ഒന്നാകാം.

Sep 24, 2011

ഉറകള്‍



പാമ്പ് ഉറയൂരുകയല്ല
ഉറ പാമ്പില്‍ നിന്നൂരുകയാണ് .
 കൈയുറയും കാലുറയും
ഗര്‍ഭനിരോധനയു
യും
നാമിടുകയുമഴിക്കുകയും
അലക്കുകയും
പഴകിയാലുമാവശ്യം കഴിഞ്ഞാലും
വലിച്ചെറിയുകയും ചെയ്യുന്നു .

പാമ്പ് പരിസ്ഥിതി നാശമുണ്ടാക്കുന്നില്ല
റബ്ബറും പ്ലാസ്റ്റിക്കും
കൂനയിലേക്കാണെങ്കിലും
വലിച്ചെറിഞ്ഞു
നാം മണ്ണിന്‍റെയന്തകരാകുന്നു .

ഉറകള്‍ നമ്മെ വിഴുങ്ങുന്ന
കാലം വരുന്നത് വരെ
ജൈവവിസ്മയങ്ങളെക്കുറിച്ച്
നമുക്ക് വാചാടോപം നടത്താം.

Apr 24, 2011

രാജി

രാജിയാവലോ രാജി വെക്കലോ
ഏതാണ് രാജി ?


രാജിക്കത്ത് കീശയിലിട്ടു
അയാളെന്നും
ഓഫീസിലെത്തി .

തടിച്ച ഫയലുകളില്‍
മുഖം പൂഴ്ത്തി
അയാള്‍ നഷ്ടപ്പെട്ടു .

എതിരെയിരിക്കുന്നവളുടെ
അര്‍ദ്ധവൃത്താ കാര പുരികക്കൊടികളില്‍
പുച്ഛം ഉറഞ്ഞു നിന്നിരുന്നു .

കത്തും എണ്ണക്കിണറാം കണ്ണുകളില്‍
പൊങ്ങച്ചത്തിന്‍ തീയും പുകയും
കെട്ടടങ്ങിയിരുന്നില്ല.

ബോസിന്നനാവശ്യ വിളിപ്പിക്കലുകള്‍
അറ്റെന്‍ഡറിന്‍ മീശ പിരിച്ച നോട്ടം
തൂപ്പുകാരിയുടെ അനിര്‍വചനീയമാം ചിരി .

നാട്ടിലെ ചൂടും കടങ്ങളും
പെരുകി വരികയല്ലേ

രാജിയാവുന്നതാണ് നല്ലത് .

Mar 16, 2011

padanam

പഠനം



ഒരു പ്രണയകവിതയെഴുതിയപ്പോള്‍

ആരും വായിച്ചില്ല

ഒരു ധ്യാനകവിതയെഴുതിയപ്പോഴും

ആരും വായിച്ചില്ല .

ഒരു കാമകവിതയെഴുതിയപ്പോള്‍

എല്ലാവരും വായിച്ചു.





ഒരു മരണകവിതയും

ആത്മഹത്യാകുറിപ്പുമെഴുതി

പോക്കെട്ടിലിട്ടു

ഫാനിന്റെ  ദളങ്ങളുടെ

കറക്കതിലേക്ക്

സമന്വയിച്ചപ്പോള്‍

എല്ലാവരുമാതെടുത്തു

വായിച്ചു

ഒരാസ്വാദനക്കുറിപ്പ്‌  തയ്യാറാക്കി .















urakkam

ഉറക്കം
ഓരോ  ഉറക്കത്തിലേക്കു

വഴുതി  വീഴുമ്പോഴും

ഞാനാശിക്കുന്നത്‌ 

വീണ്ടുമുനരനെയെന്നാണ്.





ഓരോ  ഉണര്ച്ചയിലും

ഞാനാശ്വസിക്കുന്നത്

വീണ്ടുമുനര്ന്നല്ലോയെന്നാണ്





എന്നേക്കുമായുള്ള  ഉറക്കത്തിനു

മുമ്പും ശേഷവും

ഞാനാശിക്കുന്നതും

ആശ്വസിക്കുന്നതുമെന്തായിരിക്കും .....


Feb 5, 2011

വയല്‍


അരാഷ്ട്രീയ പ്രണയം

ട്രാഫിക്സിഗ്നലില്‍ പച്ചവെളിച്ചം 
കാത്തു കഴിയവേ ഇടതുട്രാക്കിലെ
ലാന്‍ഡ്‌ക്രുയിസറിലവള്‍.......................

മുടിച്ചുരുളുകള്‍ക്കിടയിലൂടവള്‍ ‍
പ്രണയാതുരമായ കണ്ണുകളോടെ
നോക്കുന്നതായെനിക്ക് തോന്നുന്നു

ഫെയിസ് ബുക്കിലും ഓര്‍കൂട്ടിലും
എത്ര കാത്തുനിന്നിട്ടും
അവള്‍ വന്നില്ല

ഇരുണ്ട മരുഭൂമിയിലെ
പായല്‍ പിടിച്ച പ്രണയം
കള്ളിച്ചെടിയില്‍
സംഭരിച്ച സ്നേഹജലം  
അഴിമുഖത്തു നങ്കൂരമിട്ടിരിക്കുന്ന
ബോട്ടുകള്‍
സന്ധ്യാസമയത്തെ
സിന്ദൂരം കലര്‍ന്നാകാശം
അതോ
പ്രണയത്തിനുവേണ്ടി
വീരമൃത്യു വരിച്ചവരുടെ
ചോരപ്പുഴയാകാശമോ

ഇന്നലെ പെയ്ത മഴ പോലും
പ്രണയപ്പനിച്ചൂട്
കൊണ്ടെന്നെപ്പൊതിയുന്നു

ബഷീറിന്‍റെ  തത്വചിന്തയും
കാഫ്കയുടെ ഇതിവൃത്തവും
പൌലോ കൊയ്‌ലോയുടെ   ശൈലിയും
പാമുകിന്റെയും ആനന്ദിന്റെയും
ചരിത്രബോധവും
കൂട്സെയുടെ സത്യസന്ധതയും
വാന്‍ഗോഗിന്റെ ...ഭ്രാന്തും
ഗൊദാര്‍‍ദിന്റെ നിര്‍ഭയത്വവും
വിജയന്‍റെ ദാര്‍ശനികതയും
നമുക്കിഷ്ടമായിരുന്നു

ചാറ്റ്റൂമിന്‍ ‍ നിശബ്ദതയില്‍
വലവിരിച്ചു കാത്തിരുന്നപ്പോള്‍
അവള്‍ വന്നു
വിശപ്പിലും തീറ്റയിലും
ഭക്തിയിലും പ്രാര്‍ഥനയിലും
കാമത്തിലും സുരതത്തിലും
പ്രണയമുണ്ടെന്ന്
ഞാന്‍ പറഞ്ഞു

എനിക്ക് പ്രണയമാണ് നിന്നെ
നീയില്ലെങ്കിലുമെന്നു ഞാന്‍
എനിക്ക് പ്രണയമാണെന്നെ
ഞാനില്ലെങ്കിലുമെന്നു നീ
ഞാനും  നീയുമങ്ങനെയേകമെന്നു ഞാന്‍
ഏകമല്ലാത്തതിനെയേകമെന്നു
വാക്കുകള്‍ കൊണ്ടാനകളിക്കുകയാണ്‌
ഞാനെന്നു നീ

യാതൊരു വെബിലും കുരുങ്ങാതെ
എന്റെയെല്ലാ ലിങ്കുകളും ഫോട്ടോകളും
 വീഡിയോകളും  അപ് ലോഡുകളും  
 ഡൌണ്‍‍ലോഡുകളും   പോസ്റ്റുകളുമുപേക്ഷിച്ചു
   അവളന്ത്യമായി മൊഴിയുന്നു
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നില്ല...........