Search This Blog

Jan 25, 2013

അമ്മേ,മഹാമായേ..........


അമ്മ ഭവാനീ,തല്ലീ ഭവാനീ,ജയ്‌ ജയ്‌ ഭവാനീ
ജയ ജയ ജനനീ ഭവാനീ ,ജയ ജയ ദുര്‍ഗാ ഭവാനീ
മാതാ ജനനി ഭവാനീ,ദേവീ ജനനി ഭവാനീ

ചന്ദനത്തിരിയുടെയും കര്പ്പൂരതിന്റെയും സമ്മിശ്ര സുഗന്ധത്തിന്റെ തലോടലില്‍  ഭക്തജനങ്ങള്‍ കൂടുതല്‍ ആവേശോജ്വലരായി.വലത്തോട്ടും ഇടത്തോട്ടും ആടിക്കൊണ്ടും തല ചെരിച്ചു കൊണ്ടും അവര്‍ അമ്മയോടൊപ്പം അരങ്ങിനെ കൊഴുപ്പിച്ചു.ആശ്രമത്തിലേക് ജനസഹസ്രമ്  ഒഴുകിക്കൊണ്ടിരുന്നു.
തനിക്ക് പോലുമില്ലാത്ത ഭക്തി ഇവര്‍ക്കെങ്ങനെ ഉണ്ടായെന്നും അതിനെ നിലനിര്‍ത്താന്‍ കഴിയുന്നതെങ്ങനെയെന്നും അമ്മ ചിന്തിച്ചു.ലോകം മുഴുവന്‍ ആരാധകരും ശിഷ്യന്മാരുമാണ്. കടപ്പുറത്തെ ഒരു കൊച്ചുകുടിലില്‍ അച്ഛന്‍ ആരെന്നറിയാതെ ജനിച്ച താന്‍ ഇന്ന് ഒരു ആഗോള പ്രതിഭാസം ആണ്.ചെമ്മീനിലെ ചക്കിയെ പോലെ ജീവിച്ചിരുന്ന തന്റെ അമ്മ താനൊരു കറുത്തമ്മ ആകാതിരിക്കാന്‍,ദുരന്ത നായിക ആകാതിരിക്കാന്‍ ചെറുപ്പത്തിലേ ശ്രദ്ധിച്ചു.മുലയും തലയും വളര്‍ന്നപ്പോള്‍ പെണ്ണ് കാണാന്‍ വന്ന കാരിരുമ്ബൊത്ത ഒരു ദേഹവും തന്റെ കണ്ണിലും കരളിലും ഉടക്കിയില്ല.തന്റെ പരീക്കുട്ടി ഒരു നാള്‍ തന്നെ തേടി വരുമെന്ന് സ്വപ്നം കണ്ടു നടന്നു.നിലാവും കടല്ക്കാറ്റും തന്റെ കൂട്ടുകാരായി.
എന്തോ സംഭവിക്കാന്‍ പോകുന്നതായി നിലാവും കടല്ക്കാറ്റും സ്വകാര്യം  പറഞ്ഞിരുന്ന ഒരു രാത്രി പരീക്കുട്ടി കറുത്തമ്മയെ തേടിയെത്തി. ഊപ്പ പെരുക്കിയിരുന്ന തന്നെ എന്നും ഒളി കണ്ണിട്ടു നോക്കിയിരുന്ന അയാള്‍ പൗര്‍ണമിയില്‍ കുളിച്ചു കണ്ണുകളില്‍ നിറയെ നക്ഷത്രങ്ങളുമായാണ് കയറി വന്നത്.നിലാവും നക്ഷത്രങ്ങളും കിടപ്പറയില്‍ നൃത്തം ചെയ്യുന്നതായി താന്‍  കണ്ടു,അനുഭവിച്ചു.ജീവിതത്തിലാദ്യമായി തന്റെ ശരീരം മുഴുവന്‍ വിയര്‍ത്തു.ചൂടും തണുപ്പും ശരീരത്തിലും മനസ്സിലും എങ്ങനെയാണ് ഒരേ സമയം പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കി.
സ്വപ്നവും യാഥാര്‍ഥൃവും ഊടും പാവും പോലെ വസ്ത്രം തുന്നിയിരുന്ന ആ നാളുകള്‍ പൊടുന്നനെയാണ് നിലാവ് പോലെ അസ്തമിച്ചത്.താന്‍  ഏകാന്തതയുടെ നരകമറിഞ്ഞു.അയാള്‍ എങ്ങോട്ടാണ് ,എന്തിനാണ് പോയത് ?
പതിനാറിന്റെ സമൃദ്ധമായ ദേഹം നിലാവിനും കടല്ക്കാറ്റിനും മദ്ധ്യേ അനിശ്ചിതമായ കാത്തിരിപ്പായി.വര്‍ഷങ്ങള്‍ പലതു കടന്നിട്ടും കടല്‍ തന്നെ  പരിഹസിച്ചു കൊണ്ട് ഇളകി മറിഞ്ഞു.അയാള്‍ പിന്നീട്,പിന്നീട് വെറുമൊരു ഓര്‍മയായി.എങ്കിലും തന്റെ ചുട്ടു പഴുത്ത ഉടല്‍ ഇരുട്ടിലെ ചടുലമായ ചലനങ്ങള്‍ക്കായി കൊതിച്ചു.അതിന്റെ ഓര്‍മയില്‍ കോരിത്തരിച്ചു.
അയാള്‍ക്ക്‌ പകരം വന്നവനെയും താന്‍ നേരിയ  കുറ്റബോധത്തോടെ  സ്വീകരിച്ചു.നിലാവ് അസ്തമിച്ചിട്ടില്ലാത്ത,മഴയുടെ നനവ്‌ വാര്‍ന്നൊഴിയാതിരുന്ന ഉടലില്‍ വീണ്ടും വസന്തങ്ങള്‍ വിരിഞ്ഞു.കാമത്തിന്റെ ശിശിര ശരത്കലങ്ങള്‍ കടന്നു പോയി. ആദ്യ കാമുകന്റെ പ്രണയത്തിന്റെ മഴവില്ല് നനുത്ത ഓര്മ മാത്രമായി. 
മുഖമില്ലാത്ത അനേകം ഉടലുകള്‍ തന്റെ ദാഹം കെടുത്തി. ദാഹം,അന്തര്‍ദാഹം.....അവ പെരുകിക്കൊണ്ടിരുന്നു.ഒടുങ്ങാത്ത ആ ദാഹം ആണ് ഭക്തിയായും ആത്മീയതയായുമൊക്കെ രൂപാന്തരപ്പെട്ടത്.തന്റെ ഭൂതകാലം അറിഞ്ഞു കൊണ്ട് തന്നെ അനുയായികള്‍ പാദാരവിന്ദങ്ങളില്‍ വീഴുന്നു.താന്‍ അവരെ മാതൃതുല്യം ആശ്ലേഷിക്കുന്നു.അവരുടെ പ്രശ്നങ്ങള്‍ക്ക് ഏതു സാധാരണക്കാരനും പറയുന്ന രീതിയില്‍ ഒറ്റമൂലികള്‍ നിര്‍ദേശിക്കുന്നു.ചിന്തയുടെയോ ദര്‍ശനതിന്റെയോ ആഴമില്ലാതിരുന്നിട്ടും അവര്‍ ഇങ്ങോട്ടേക്ക് ഒഴുകി വരുന്നത് എന്ത് കൊണ്ടാണ്?വയനാടന്‍ മലനിരകളില്‍ തഴച്ചു വളരുന്ന കനജാവിന്റെ മൊത്തവ്യാപാരി ആയാണോ തന്നെയവര്‍ കാണുന്നത്.അതോ ആത്മീയതയും ലഹരിയും ഒന്ന് തന്നെയെന്നും ലഹരിയിലൂടെയും മോക്ഷം കൈവരിക്കാം എന്നും  തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കുമോ?ഈയിടെയായി വിദേശികളുടെ കുത്തൊഴുക്ക് തന്നെയാണ്.കൌമാരപ്രായക്കാരോടുള്ള അവരുടെ ആസക്തി അതിരുകള്‍ ലംഘിക്കുന്നുണ്ട്.ഭ്രാന്തമായ അവരുടെ അശ്വമേധങ്ങള്‍ കുറ്റകൃത്യമായി മാറുമ്പോഴും പേടിക്കാന്‍ ഒന്നുമില്ലല്ലോ.ആഭ്യന്തരമന്ത്രി തന്റെ കയ്യിലല്ലേ.രത്നാറാം പ്രശ്നത്തില്‍ അയാളാണല്ലോ തങ്ങളുടെ രക്ഷകന്‍ ആയത്.ഭരണകൂടവുമായി എന്നും നല്ല സൌഹൃദത്തില്‍ വര്‍ത്തിക്കുന്നത് ആശ്രമത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.എന്താണ് ലോകത്തിനു വേണ്ടത് എന്ന് ലോകത്തിനു ഇനിയും മനസ്സിലായിട്ടില്ല.അങ്ങനെ മനസ്സിലായാല്‍ പിന്നെ തന്നെ പോലുള്ളവരുടെ ആവശ്യം തന്നെ ഇല്ലല്ലോ.
കുന്തിരിക്കത്തിന്റെയും കര്പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഫലവര്‍ഗങ്ങളുടെയും വിയര്‍പ്പിന്റെയും  സമ്മിശ്രഗന്ധം അന്തരീക്ഷത്തെ കൂടുതല്‍ കനമുള്ളതാക്കി.ആരോ ആശ്രമത്തിന്റെ ജനാലകള്‍ തുറന്നിട്ടു.എന്നിട്ടും ഗന്ധം കപട ഭക്തി പോലെ അവിടെയെങ്ങും തങ്ങി നിന്നു.ഭജന കൊഴുക്കുകയാണ്.
ശ്രീകലദുര്‍ഗ്ഗേ ,ദേവീ ഭവാനീ
മാതാശരണ്യേ ദുര്‍ഗാ ഭവാനീ
ആദിശക്തിവേ മാ വാഴ്വേ
നമസ്തേ നമസ്തേ ജയവിജയരൂപിണീ

ഹിസ്ടീരിയ ബാധിച്ചവരെ പോലെ ഭക്തര്‍ ആടി ക്കുഴയുകയാണ്.ഇന്ഗ്ലീഷില്‍ ഏതോ ഒരു വാക്കുണ്ടല്ലോ-attribution-അതെ,അതാണ്‌ കാര്യം.അവരുടെ എല്ലാ ഉയര്ച്ചകള്‍ക്കും താനാണ്,തന്റെ അനുഗ്രഹം ആണ് കാരണം എന്നവര്‍ വിശ്വസിക്കുന്നു.അങ്ങനെയെങ്കില്‍ അവരുടെ തകര്ച്ചകള്‍ക്കും താന്‍ തന്നെ ഉത്തരവാദി ആകേണ്ടതല്ലേ.എന്ത് മണ്ടന്മാരാണിവര്‍.നിയോഗം എന്നത് എന്ത് തന്നെയായാലും സംഭവിക്കുക തന്നെ ചെയ്യും.അപ്പോള്‍ എന്നെ പോലുള്ള ഒരു ആള്ദൈവത്തിന്റെ ആവശ്യം തന്നെ എന്തിനാണ്?
മനോരോഗികള്‍ ഒരു പാട് ഇവിടെ വരുന്നുണ്ട്.അല്ഭുതമെന്നു പറയട്ടെ അവര്‍ വളരെ നോര്‍മല്‍ ആയി തിരിച്ചു പോകുന്നു.ആദിപരമ്പര തൊട്ടേ അന്ധവിശ്വാസം ജനിതകത്തില്‍ കലര്‍ന്നവരാണല്ലോ നാം.അതിനെ കുടഞ്ഞു കളയുന്ന യുക്തിബോധമുള്ളവരുടെ തലമുറ വളര്‍ന്നു വരുന്നുണ്ട്.തന്റെയും തന്നെപോലുള്ളവരുടെയും കച്ചവടത്തിന് അത് വിലങ്ങുതടിയാകുന്നുമുണ്ട്.ഇപ്പോള്‍ തന്നെ പത്തു പതിനഞ്ചു തലമുറകള്‍ക്ക് സുഖമായി കഴിയാനുള്ള ആസ്തി നേടിയെടുത്തിട്ടുണ്ട്.ഇനിയും ഈ ആത്മവഞ്ചന തുടരേണ്ടതുണ്ടോ എന്ന് തോന്നും.പണം,അധികാരം,പ്രശസ്തി എന്നിവ ഒരിക്കലും അവസാനിക്കാത്ത രതിയുടെ വേലിയേറ്റങ്ങള്‍ ആണെന്ന് സ്വയം തിരിച്ചറിയും.പിന്നെയും പിന്നെയും അത് വാരിക്കൂട്ടിയില്ലെന്കില്‍,തുടര്‍ച്ചകള്‍ ഇല്ലെങ്കില്‍ ഏതോ വിഭ്രാന്തികള്‍ തന്നെ പൊതിയുന്നതായി തോന്നും.
ലോകത്തെ മുഴുവന്‍ ഒരു വീടായി കണ്ടു കൊണ്ട് താന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വരെ മടുപ്പിക്കുന്നു.കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിനു ലാഭത്തില്‍ നിന്നാണല്ലോ  ആയിരക്കണക്കിനു ആളുകള്‍ക്ക് വീടുകള്‍ പണിയുന്നത്.അഗതികളെയും അനാഥരെയും സംരക്ഷിക്കുന്നത്.അധിക വേതനത്തിന് വേണ്ടി നര്സുമാര്‍ സമരം നടത്തിയത് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.അത് അടിച്ചൊതുക്കി സര്ക്കാര്മായുള്ള അവിശുദ്ധ ബന്ധത്തിലൂടെ ഒന്ന് തല നിവര്‍ത്തി വരുമ്പോഴാണല്ലോ അയാള്‍ രംഗപ്രവേശം ചെയ്തത്.
അതെ,അത് അയാള്‍ തന്നെയാണ്.പണ്ട് തന്നെ ഉപേക്ഷിച്ചവന്‍.ഇപ്പോഴെന്തേ പൊടുന്നനെ അയാള്‍ ഒരു സൂഫിയെ പോലെ പ്രത്യക്ഷപ്പെടാന്‍.ആശ്രമത്തിന്റെ സ്വത്തും സമ്പാദ്യവും അയാള്‍ക്ക്‌ വീതിച്ചു നല്‍കേണ്ടി വരുമോ.
ഒരു ഭക്തന്‍ കാണാന്‍ വന്നിരിക്ക്ന്നു എന്നാണ് അംഗരക്ഷകന്‍ വന്നു പറഞ്ഞത്.താന്‍ അയാള്‍ക്ക്‌ അനുവാദം നല്‍കി.പതിവ് പോലെ ആലിംഗനത്തിന് തയാറായി നിന്ന താന്‍ ഞെട്ടിത്തരിച്ചു.അയാള്‍,പഴയ അതേ പ്രൌഢിയില്‍,ഗരിമയില്‍,സൌമ്യതയില്‍.താനൊരു മഞ്ഞു മലയായി ഉറച്ചു പോയത് പോലെ അനുഭവപ്പെട്ടു.അയാള്‍ പഴയ അതേ  ഭാവഹാ വാദികളോടെ പുഞ്ചിരി തൂകി നിന്നു.ആലിംഗനത്തിനായി അടുത്ത് വന്നു.മനസ്സിലെ എല്ലാ കുളമ്പടിയൊച്ചകളും ശമിച്ചതായും വലിയൊരു കൊടുംകാറ്റ് കടപുഴക്കുന്നതായും താനറിഞ്ഞു.
“എന്നെ ഓര്‍മ്മയുണ്ടോ?” ബീഹാരിയിലോ ഹിന്ദിയിലോ അയാള്‍ മൊഴിഞ്ഞു.
തനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.ഉമിനീര്‍ ശോഷിച്ച നാവു അകത്തേക്ക് വലിഞ്ഞു.വീഴാതിരിക്കാനായി താന്‍ കസേരയിലമാര്‍ന്നു.അയാള്‍ അഭിമുഖമായി മറ്റൊരു കസേരയിലിരുന്നു.
“എനിക്ക് തന്റെ കൂടെ ജീവിക്കണം.”
കസേര ഭൂമിക്കടിയിലേക്ക് കുഴിഞ്ഞിറങ്ങുന്നതായി തോന്നി.മേശപ്പുറത്തെ കാളിംഗ് ബെല്ലില്‍ തന്റെ വിരലമര്‍ന്നു.അംഗരക്ഷകന്‍ ഓടിയെത്തി.
“ഇയാളൊരു ഭ്രാന്തനാണ് .പിടിച്ചു പുറത്താക്കൂ.”
അംഗരക്ഷകന്റെ ബലിഷ്ഠമായ കൈകള്‍ക്ക്ള്ളിലും അയാള്‍ കുതറു ന്നുണ്ടായിരുന്നു.ആശ്രമത്തിലെ മറ്റു അന്തേവാസികളും ഓടി വന്നു അയാളെ പുറത്തെത്തിച്ചു.
ആശ്രമത്തിലെ വിളക്കുകളെല്ലാം തെളിഞ്ഞു.സന്ധ്യ വളര്‍ന്നു രാത്രിയുടെ ശാന്തതയായി.ആളുകള്‍ വീണ്ടും വന്നും പോയും കൊണ്ടിരുന്നു.ചിലര്‍ തണീര്‍പന്തലില്‍ കയറി വിശ്രമിക്കുന്നത് പോലെ ഭജനയില്‍ കൂടും.തളര്‍ച്ച മാറ്റി എണീറ്റ്‌ പോകും.ഇന്ന് പതിവില്ലാത്ത തിരക്കാണ്.പിറ്റേന്ന് ഞായാറാഴ്ച ആയതിനാലാകാം.ആളുകള്‍ക്ക് എല്ലാം ആഘോഷിക്കണം.മതമായാലും ജാതിയായാലും കക്ഷി രാഷ്ട്രീയമായാലും.വിമര്ശിക്കനായി കടന്നു കൂടുന്നവരുമുണ്ട്.അവരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം.കണ്ണുകളില്‍ ഭക്തിയുടെ ദീപാവലി തെളിഞ്ഞിരിക്കുന്നവരാണധികവും.അവരാണ് യഥാര്‍ത്ഥത്തില്‍ തന്റെ പി.ആര്‍.ഓ.മാര്‍.അവര്‍ ലോകം മുഴുവന്‍ തന്റെ വാര്‍ത്തകള്‍ എത്തിക്കും.പുതുതായി ഒരു ചാനല്‍ തുടങ്ങിയതും വല്യ അനുഗ്രഹമാണ്.പിറന്നാളിനും മറ്റും ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന മാമാങ്കങ്ങള്‍ അവര്‍ ലോകത്തിനു മുന്നില്‍ വിളമ്പും.എന്തായാലും ഒരു പതിരുപത്തഞ്ചു വര്ഷം കൂടി തന്റെ മഹിമകള്‍ കെടാതെ ജ്വലിച്ചു കൊണ്ടിരിക്കും.മക്കളെ എന്ന് വിളിച്ചു കൊണ്ട് ഈ വിഡ്ഢികളോട് തുരു  തുരാ പറഞ്ഞു കൊണ്ടിരുന്നാല്‍ മതി.അനുയായികളെ സൃഷ്ടിക്കല്‍ മാത്രമല്ല നിലനിര്‍ത്തലാണ് ഏറ്റവും പ്രയാസകരം.പ്രശസ്തിയുടെയും അധികാരത്തിന്റെയും കാര്യവും ഇത് തന്നെ.
തന്റെ മക്കള്‍ എല്ലാം മറന്നു ഭജനയില്‍ ലായനിയും ലയകവും പോലെ ലയിച്ചിരിക്കയാണ്.
തൂ മേ കസം ഹേ അപ്നേ മാകീ
ജിസ്കീ തും സന്താന്‍ ഹോ
ആജ് ദികാതോ ദുനിയാ കേ തും മര്‍ദേ മൈതാന്‍ ഹോ
ഇക് ലിക ലിട്കീ ഇക് ലിക ലിട്കീ
ഇക് ലിക ലിട്കീ ഹോയ്‌
അന്നേരമാണ് അയാള്‍ വീണ്ടും ഓടി വന്നത്.
“ബിസ്മില്ലാഹി റഹ്മാനി റഹീം”
എല്ലാ മുസ്ലിം തീവ്ര വാദികളും ഉരുവിടുന്ന ആ മന്ത്രം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ് അയാള്‍ ചുഴലിക്കാറ്റു പോലെ വന്നത്.ഇതിന്റെ ആശയം എന്താണ് എന്ന് താന്‍ പിന്നീട് ഒരു മുസ്ലിയാരില്‍ നിന്ന് മനസ്സിലാക്കുകയുണ്ടായി.ഇത്രയേയുള്ളൂ.പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരു നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.ഏതു സല്കര്മം ചെയ്യുമ്പോഴും ഒരു മുസല്‍മാന്‍ ഉരുവിടെണ്ട മന്ത്രം.താന്‍ അന്ന് അര്‍ഥം അറിയാതെ തന്നെ അര്‍ഥം ഇതായിരിക്കുമെന്ന് ധരിച്ചു :അല്ലാഹുവിന്റെ പേരില്‍ എല്ലാവരെയും കൊല്ലുവീന്‍.ഹ,ഹ,ഹ.....നമുക്ക് വേണമെങ്കില്‍ ഏതു അര്‍ത്ഥവും ആവശ്യാനുസരണം ഉല്‍പാദിപ്പിചെടുക്കാം.നൂറ്റാണ്ടുകളായുള്ള ജനിതക വൈരം കെടാതെ കത്തിക്കൊണ്ടിരിക്കുന്നുണ്ടല്ലോ.അതിനെ ഒന്ന് ഊതിത്തെളിക്കുകയേ വേണ്ടൂ.
അറബിയിലുള്ള ആ വാക്കുകള്‍ തന്നെ ധാരാളം ആയിരുന്നു.കേള്‍ക്കേണ്ട താമസം നാലുപാടു നിന്നും അംഗരക്ഷകര്‍ ഓടിയെത്തി.നിമിഷങ്ങള്‍ക്കകം അയാളെ ബന്ധിച്ചു തന്റെ മുന്നില്‍ കൊണ്ട് വന്നു.അപ്പോഴേക്കും ഭജന അലമ്കോലമായിക്കഴിഞ്ഞിരുന്നു.ആളുകള്‍ നാലുപാടും ചിതറിയോടി.ചില കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരിക്ക് പറ്റി.ആശുപത്രി ആംബുലന്‍സും പരിവാരങ്ങളും ഇരമ്പിയെത്തി ഭക്തരെ ആശുപത്രിയിലെത്തിച്ചു.ഉത്സവത്തിന്‌ ആന വിരണ്ടാല്‍ പോലും ഇത്ര “ഭീകരത”സൃഷ്ടിക്കപ്പെടുമെന്നു തോന്നുന്നില്ല.
അയാളുടെ മുഖത്ത് അന്നേരവും ആ പഴയ സ്ഥൈര്യവും ഊര്‍ജസ്വലതയും സൌമ്യതയും ശാന്തിയും നിറഞ്ഞു നിന്നിരുന്നു.ആദ്യത്തെ അടി വീണത്‌ സച്ചിദാനന്ദ സ്വമികളാല്‍ ആയിരുന്നു.ബുദ്ധനെ പോലെ ശാന്തത ഓളം വെട്ടിയിരുന്ന സച്ചിദാനന്ദ സ്വാമികള്‍ക്ക് എങ്ങനെയാണ് മനുഷ്യരെ ശിക്ഷിക്കാന്‍ കഴിയുന്നത് എന്ന് പലപ്പോഴും താന്‍ അത്ഭുതം കൂറി യിട്ടുണ്ട്.ബുദ്ധമതവും ഇപ്പോള്‍ അക്രമത്തിന്റെ പാതയിലാണ്,എങ്കിലേ മതം വളരൂ എന്നാണു സ്വാമി പറയാറ്.
ഇറ്റലിയില്‍ നിന്നു വന്ന വയലറ്റിന്റെ വകയായിരുന്നു അടുത്ത താഢ നം.അയാളുടെ ഇടതു കവിള്‍  ആ അടിയില്‍ ചുവന്നു തുടുത്തു.കൈകള്‍ ബന്ധിച്ചിരുന്നതിനാല്‍ അയാള്‍ക്ക്‌ കവിളുകള്‍ തടവാന്‍ പോലും കഴിഞ്ഞില്ല.ഷര്‍ട്ട്‌ അഴിചെടുക്കപ്പെട്ടു വെറും അണ്ടര്‍വെയറില്‍  മാത്രം തളച്ചിടപ്പെട്ട അയാള്‍ ക്രൂശിതനായ യേശുവിനെ അനുസ്മരിപ്പിച്ചു.അയാള്‍ക്ക്‌ എല്ലാ പ്രവാചകന്മാരുടെയും മുഖഛായയായിരുന്നു.
താന്‍ ഒന്നും ചെയ്യേണ്ടിയിരുന്നില്ല.അയാളെ ഹിംസിക്കാന്‍ ഭക്തജനങ്ങള്‍ തന്നെ ധാരാളമായിരുന്നു.എങ്കിലും അയാളുടെ അഹംബോധത്തെ കെടുത്താനായി താന്‍ എന്തെങ്കിലും ചെയ്തെ മതിയാകൂ.ചെരിപ്പഴിച്ചു അയാളുടെ ചുവന്നു തുടുത്തു മനോഹരമായ മുഖത്ത് തലങ്ങും വിലങ്ങും അടിച്ചു.അന്നേരവും അയാള്‍ ക്രിസ്തുവിനെ പോലെ നിസ്സംഗനായി.അന്നേരം തനിക്ക് എവിടെ നിന്നോ പണ്ടേയുള്ള ബാധ തിരിച്ചു വന്നു.
“നായിന്റെ മോനെ”
മക്കളേ  എന്ന് വിളിക്കുന്ന നാവില്‍ നിന്നും അത് എങ്ങനെ നിര്‍ഗളിച്ചു എന്ന് അറിയില്ല.പുറത്തെ കെട്ടിടം വാര്‍ക്കുമ്പോള്‍ ഉപയോഗിക്കാനായി വെച്ചിരുന്ന മുളവടികള്‍ അന്നേരമാണ് തന്റെ ശ്രദ്ധയില്‍ പെട്ടത്.അതിലൊന്ന് എടുത്തു കൊണ്ട് വരാനായി താന്‍ ഉത്തരവിട്ടു.അംഗരക്ഷകരിലൊരാള്‍ അതുമായി വന്നു.
“തുടങ്ങിക്കോളൂ.ഒന്നും ബാക്കി വെക്കേണ്ട”--ആജ്ഞ്ഞയ്ക്കായി കാത്തിരുന്നത്പോലെ അവര്‍ വേഗം ആരംഭിച്ചു.കൈകാലുകളും വാരിയെല്ലും തകര്‍ക്കപ്പെട്ടു.അടുത്ത അടി അയാളുടെ മൂക്കിലാണ് പതിച്ചത്.പൈപ്പ് പൊട്ടി കലക്കവെള്ളം ഒഴുകുന്നത്‌ പോലെ അയാളുടെ മൂക്കില്‍ നിന്ന് രക്തം കുത്തിയൊലിച്ചു.ഇത്ര വേഗതയില്‍ ചോര ചീറ്റി യൊഴുകുമെന്നു തനിക്ക് അറിയില്ലായിരുന്നു.പാപത്തിന്റെ ആനന്ദത്തിനു ഇത്ര ആനന്ദം ഉണ്ടാകുമെന്നും അറിയില്ലായിരുന്നു.അടുത്ത ആഘാതം അയാളുടെ പിന്‍തലയിലാണ് പതിച്ചത്.അതോടെ അയാളുടെ ബോധം മറഞ്ഞു.ഇനി ഒരു വഴിയേയുള്ളൂ.ആഭ്യന്തരത്തെ വിളിക്കുക.ആഭ്യന്തരം ഉടനെ തന്നെയെത്തി.കൂടെ ഒരു ജീപ്പ് നിറയെ പോലീസുകാരും.അബോധാവസ്ഥയിലുള്ള ആളെയും അറസ്റ്റ് ചെയ്യാമെന്ന് അന്നാണ് അറിഞ്ഞത്.നമ്മുടെ രാജ്യത്തെ നിയമം പണവും അധികാരവും ഉള്ളവന് തന്നെയാണ്.അത് കൊണ്ടാണല്ലോ താന്‍ അത് നിലനിര്‍ത്താന്‍ പെടാപാട് പെടുന്നത്.ഇങ്ങനെ തട്ടി മുട്ടി ജീവിച്ചു പൊയ്ക്കോട്ടേ മാഷേ.....

ഓം സച്ചിദാനന്ദ പരബ്രഹ്മാ
പുരുഷാര്‍ഥമ: പരമാത്മാ
ശ്രീഭഗവതീസമേതാ ശ്രീഭഗവതീ നമ:
ഭജന കുറേശെ ഇഴയാന്‍ തുടങ്ങിയിരിക്കുന്നു.ഭക്തര്‍ ഭക്തിരസത്തിലാറാടി ക്ഷീണിച്ചിരിക്കുന്നു.ഇടയ്ക്കു സംഭാരം മോന്താനും ടോയ്ലെറ്റില്‍ പോകാനുമായി ആളുകള്‍ എഴുന്നേല്‍ക്കുന്നുണ്ട്.അതോ അവര്‍ക്ക് ഭക്തി മടുപ്പായി രൂപാന്തരപ്പെടുന്നുണ്ടോ.അതൊക്കെ തന്റെ വെറും തോന്നലുകള്‍ ആയിരിക്കും.ഈ ജനത്തിന് ഭക്തി ഒരിക്കലും മടുക്കില്ല.പുരുഷാര്‍ഥങ്ങള്‍ ഒരിക്കലും മടുക്കില്ലല്ലോ.
ആങ്,അങ്ങനെയാണ് രത്നാറാം മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്‌.ആശ്രമത്തില്‍ അനുമതിയില്ലാതെ പ്രവേശിച്ചു ഇസ്ലാമികതീവ്രവാദം പ്രചരിപ്പിക്കാനായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാണ് അയാള്‍ക്കെതിരെയുള്ള കേസ്.അയാളെ കൈകാര്യം ചെയ്തത് ചരിത്രത്തിലെവിടെയും ഉണ്ടാകില്ല.അടുത്ത ആഭ്യന്തരവും നമ്മുടെ ആളാകാനാണ് സാധ്യത.അല്ലെങ്കിലും നമ്മുടെ ആളായി മാറാതെ ആര്‍ക്കും തരമുണ്ടാകില്ല.

തക്ദീര്‍ സെ ലഡ്നേകാ കോയീ  
തക്ദീര്‍ കെ ആഗേ രുക്ജാ
പാനീ പര്‍ ചല്‍  ന സകാ
കോയീ തൂ കഹാ രുക്ജാ
രുക്ജാ രുക്ജാ രുക്ജാ
വിധിയെ തടുക്കാന്‍ ഈ അമ്മയ്ക്ക് പോലും ആവില്ലല്ലോ.രത്നാറാമിന്റെ വിധി അതായിരുന്നു.അയാള്‍ ഇവിടെ തിരിചെത്തണമെന്നും തന്റെ കൈ കൊണ്ട് മരിക്കണമെന്നും.അയാളെ ചെറുതായി ഉപദ്രവിച്ചു വിടുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യം.പക്ഷേ, ഭക്തര്‍ ഇളകിയാല്‍ എന്ത് ചെയ്യും.ചിത്തരോഗാശുപത്രിയിലെ അയാളുടെ അന്തേവാസിയും തന്റെ ഭക്തനായിരുന്നല്ലോ.താന്‍ ഒന്നും കല്‍പ്പിക്കാതെ തന്നെ അയാള്‍ രത്നാറാമിനെ അവസാനിപ്പിച്ചു.പ്ലാസ്റ്റിക്‌ കയറുപയോഗിച്ചു കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചു കൊന്നു.അയാള്‍ ശരിക്കും ഒരു മനോരോഗിയായിരുന്നു.പക്ഷേ,  രത്നാറാം ......
അയാളെ താന്‍ പ്രണയിച്ചിരുന്നുവോ.തനിക്ക് ആരെയെങ്കിലും പ്രണയിക്കാന്‍ കഴിയുമോ?ഇവിടെ പ്രണയവും ഭക്തിയും കൊലയും ഒന്നാകുന്നു.ചരിത്രത്തിലാദ്യമായി തനിക്ക് അത് തെളിയിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
മമ്മം മമ്മാ ഹ:ഹ:മമ്മം മമ്മാ
മേ ഹൂം തേരീ അമ്മ ഹ:ഹ:
സോജാ സോജാ സോജാ
കൈസാ ഹേ അച്ചാ ഹേ തൂ
ക്യാ ഹേ തേരാ ഹാല്‍.....
ഭജന ഉറക്കത്തിലേക്ക് വഴുതി വീഴാന്‍ ഒരുങ്ങി നില്‍ക്കുന്നു.മക്കളുടെ കണ്ണുകളില്‍ നിദ്രാ ദേവിയുടെ കടാക്ഷം താന്‍ കാണുന്നു.ഇനി ഇവര്‍ ഉറങ്ങട്ടെ.തനിക്ക് വേണ്ടി ഒരു പാട് ക്ഷീണിച്ചതല്ലേ.ആശ്രമത്തിലെ വിളക്കുകളെല്ലാം കെടാനൊരുങ്ങി നില്‍ക്കുന്നു.ആശ്രമം ഇരുട്ടിലായാല്‍ അയാളുടെ ചോരയുടെ മണം  ഒഴുകി വരുമായിരിക്കും,അല്ലേ.സാരമില്ല, തന്റെ ഒരു പാട് കാമുകരില്‍ ചോര കൊണ്ട് ചരിത്രം എഴുതിയവനായി  അവന്‍  മാറിയിരിക്കുന്നു.
ഭക്തരെല്ലാം പിരിഞ്ഞു.വിളക്കുകളെല്ലാം അണഞ്ഞു.നിലാവെട്ടത്തില്‍,ചെറുമാരുതനില്‍ അതാ രത്നാറാം വീണ്ടും കയറി വരുന്നു.

Apr 4, 2012


ലജ്ജ


ഞങ്ങള്‍ക്ക് നീ നല്‍കിയ
ഒരുരുള ചോറ്
തട്ടിപ്പറിചെടുക്കാന്‍ മാത്രം
ദുഷ്ടനാണ്
നീയെന്നറിഞ്ഞില്ല.

പ്രതിരോധിക്കുമെന്ന് കരുതി
നീയതില്‍
വിഷവും ചേര്‍ത്തിരുന്നു,അല്ലേ......

ഭിന്നിപ്പിച്ചു ഭരിക്കുന്നതിനാല്‍
ആ ഒരുരുള
തട്ടിയെടുക്കേണ്ടതില്ലായിരുന്നു.

മല്‍സരം തുടങ്ങുന്നതിനു മുന്‍പ്
വന്നത് നന്നായി.
ആഭ്യന്തരകലഹത്തില്‍
പിച്ചിച്ചീന്തപ്പെട്ടെനെ....

Mar 13, 2012

വചനം

ഇന്നത്തെ
മെറ്റാഫിസിക്കല്‍  പ്രശ്നം
വാക്കാണെന്നാണ്
യൂജിന്‍ ജോലാസ്‌
പറഞ്ഞത്.

“കൊഞ്ഞാണന്‍”
“നികൃഷ്ട ജീവി”
“കുരങ്ങന്‍”
“ശുംഭന്‍”
“ഒരുത്തി”
“അഭിസാരിക”

ഇങ്ങനെ പോയാലെന്താ
ചെയ്യ്‌ാ
കംമുനിസ്ടുകാര്‍ക്ക്
ധാര്‍മികത
തീരെയില്ലേ?
സംസ്കാരമില്ലേ?

കൂട്ടം തെറ്റിയ
കുഞ്ഞാടുകളില്‍ നിന്ന്
ദൈവവിളിയുണ്ടായവര്‍
ഇടയനെതിരഞ്ഞു
തിരിച്ചെത്തിയതാണ്
അവരെ
ചൊടിപ്പിക്കുന്നത്.

ജ്ഞാനസ്നാനം ചെയ്യിച്ചു
പോട്ടയിലോ
മലയാറ്റൂരിലോ
കൊണ്ടുപോയി
 ധ്യാനിപ്പിക്കണം.

പാര്‍ടിയിലുള്ള
ചഞ്ചലചിത്തരെ,
അധികാര ധന മോഹികളെ,
വലിച്ചെടുക്കാന്‍
കഴിയുന്നുണ്ട്.

അന്ത്യകൂദാശക്ക്  മുന്‍പേ
കര്‍ത്താവിനു
സ്തോത്രം ചെയ്യിക്കാന്‍
കഴിഞ്ഞാല്‍
ഉയര്‍ന്നപദവികള്‍
സ്ഥാനാരോഹണങ്ങള്‍
വിദേശമൂലധനനിക്ഷേപങ്ങള്‍.

നമ്മുടെ  സ്വാശ്രയ സ്വപ്നങ്ങള്‍ക്ക്  മേലെ
കരിനിഴല്‍ വീഴ്ത്തിയതിന്
കൊടുത്താല്‍ കൊല്ലത്തും കിട്ടും
കണക്കെ
ഞങ്ങള്‍
തെരഞ്ഞെടുപ്പിലാണ്
തിരിച്ച് കടിച്ചത്.

കോടികള്‍ മുടക്കിയാണ് പോലും
“തിരുവത്താഴത്തി”നു
ഡ്യുപ്ലിക്കേടുണ്ടാക്കിയത്.
കസേരയെക്കുറിച്ചോര്‍തെങ്കിലും
അത് ചെയ്യരുതായിരുന്നു.
കംമുനിസ്ടുകാര്‍ക്ക്
നേരംവെളുക്കുന്നത്
പാതിരാത്രിയിലാണെന്ന്
വെറുതെയല്ല പറയുന്നത്.

വീണേടം
 വിഷ്ണുലോകമാക്കുമവര്‍
യേശുവിനെ
വിശുദ്ധ വിപ്ലവകാരിയാക്കി
അദ്ഭുത പ്രവൃത്തി.

അമ്പത്തിയേഴില്‍ പോലും
ഞങ്ങളുടെ ശക്തിയവര്‍
കണ്ടതാണ്.
എന്നിട്ടും
“പാഠം” പഠിച്ചില്ലെങ്കില്‍
അവര്‍ക്കെന്തോ
കുഴപ്പമുണ്ടെന്നു
സമാധാനിക്കാം.

അവര്‍ ചെയ്യുന്നതെന്തെന്ന്
അവരറിയുന്നില്ല,
അവരോടു പൊറുക്കേണമേ,
ആമേന്‍!

Mar 3, 2012


കോരുവല
ഞാനും നീയുമൊന്നിച്ചു
ആഴക്കടലിലേക്ക്
തുഴഞ്ഞിരുന്നു.

നമുക്കാ ചാകരയില്‍
നല്ല കൊയ്ത്തു കിട്ടിയിരുന്നല്ലോ .

എന്ന് മുതലാണ്‌ നീ ,
തനിച്ചു
വലവീശാനിറങ്ങിയത്?
ലാഭം തനിച്ചു സ്വന്തമാക്കുമ്പോള്‍
നിനക്ക്
സന്തോഷമുണ്ടാകുമോ?

ചെറിയ മീനുകളെ
കൊരുക്കുന്നതാണ് നല്ലത്.
അവ വലക്കണ്ണികളില്‍
മൃദുവായി
 ചുണ്ടുകള്‍
ചേര്‍ത്ത് വെക്കയേയുള്ളൂ.

വലിയ മീനുകള്‍
അപകടകാരികളാണ്.
അവ
വല പൊട്ടിച്ചു
കടലിനെ പോലും
വിഴുങ്ങും.

Dec 20, 2011

In d memory of civilisation


ഓറഞ്ചു ടാക്സിയുടെ ഓര്‍മയില്‍ .........


2000 ഒക്ടോബറില്‍ ദോഹയില്‍ എടുത്തെറിയപ്പെട്ടത്‌ പോലെ ഞാന്‍ വന്നിറങ്ങിയപ്പോള്‍ റോഡ്‌ നിറയെ ഓറഞ്ചു നിറത്തിലുള്ള  ടാക്സികള്‍  ആയിരുന്നു.ഏതു തെരുവില്‍ ചെന്നാലും ടാക്സിക്ക് വേണ്ടി കാത്തു നില്‍ക്കേണ്ടി വന്നിരുന്നില്ല.ഇന്ന് നിറങ്ങളെല്ലാം മാറി.നഗരത്തിന്റെ മുഖഛായകളും.വ്യവസായ വികസനത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ചിത്രകലയുടെയും സംഗീതത്തിന്റെയും സിനിമയുടെയും നഗരമായി ദോഹ മാറി.രാഷ്ട്രീയ അഭയാര്‍ഥികളുടെയും കലാകാരന്മാരുടെയും സംകേതവും.
ഒരു രാജ്യം വ്യവസായ വാണിജ്യത്തിലും കലയിലും സംസ്കാരത്തിലും ഇത്ര വേഗം വികാസം പ്രാപിക്കുന്നത് ലോകത്തില്‍ അപൂര്‍വ മായിരിക്കും.വിസ്മയകരമായ ഈ വളര്‍ച്ച ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും പാരമ്പര്യമുള്ള നമ്മുടെ ഇന്ത്യക്ക് പാഠമാകേണ്ടതാണ്.ടാക്സിയെക്കുറിച്ച് ഓര്‍ത്തു പോയപ്പോള്‍ എന്റെ മനസ്സിലേക്ക് ടാക്സി എന്ന നോവലും കയറി വന്നു.ഖാലിദ്‌ അല ഖാസിമി എന്നാ അറബ്‌ നോവലിസ്റ്റിന്റെ രചനയാണത്.അറബ വസന്തത്തിന്റെ ഇടി മുഴക്കമായിരുന്നു ആ നോവല്‍.ഇതേ രീതിയില്‍ എഴുതപ്പെട്ട മറ്റു നോവെലുകളുമുണ്ട്.അഹ്മെദ് ഖാലിദ്‌ തൌഫീക്കിന്റെ ഉടോപിയയും അഹ്മെദ് മുറാദിന്റെ വെര്ടിഗോയും ആണ്.
ഓറഞ്ചു ടാക്സിയുടെ കാല്പനികതയില്‍ അഭിരമിക്കുമ്പോഴും നാം ഈ രാജ്യത്തിന്റെ ബൃഹത്തായ സൌകര്യങ്ങളില്‍ തൃപ്തരാണ്.സ്വദേശികളും വിദേശികളും ഒരു പോലെ രമ്യതയിലും സൌഹാര്ധതിലും കഴിയുന്നുണ്ടിവിടെ.കരവ ബസ്‌ ഏതു സാധാരണക്കാരന്റെയും കാത്തിരിപ്പിന്റെ വലിയോരാശയമാണ്.
അറബ വസന്തത്തിന്റെ മുല്ലപ്പൂക്കള്‍  തുനീഷ്യയിലും ഈജിപ്റ്റിലും സിറിയയിലും ബെഹ്രൈനിലും സുഗന്ധം പരത്തിയപ്പോള്‍ അതിന്റെ മാരുതന്‍ ആയി അല്ജസ്‌ീര ഇന്റെനാഷണല്‍.വാര്താമാധ്യമം കൃത്യമായ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ ആണെന്ന് നാം അല്ജസീരയിലൂടെ അറിയുന്നു.സത്യത്തെ താമസ്ക്കരിക്കുക അത്ര എളുപ്പമല്ലെന്നും ഈ ചാനല തെളിയിക്കുന്നു.മുല്ലപ്പെരിയാര്‍ സമരം വെറും നാടകം മാത്രമായി ശോഷിക്കുമ്പോള്‍ അറബ ജനതയുടെ ക്രിയാത്മകം ആയ തെരുവ്  പോരാട്ടങ്ങള്‍ നമുക്ക് പാഠം ആകേണ്ടതുണ്ട്.നമ്മുടെ സാഹിത്യവും സിനെമയുമെല്ലാം ഇന്നും നായക കേന്ദ്രീകൃതവും മസില്‍ ഷോയും മാത്രമായി അധപ്പതിക്കുമ്പോള്‍ അറബ കവികളെയും എഴുത്തുകാരെയും ഓര്‍ത്തു പോകയാണ്.
ഇക്ബാല്‍ തമീമി,നിസാര്‍ ഖബ്ബാനി,അഹ്മെദ് യെമാനി,തമീം അല്ബെര്‍ഗൂസി,മൌരീദ്‌ അല്ബെര്‍ഗൂസി,ഗസാന്‍ കനാഫാനി,അബുല്‍ഖാസിം അശാബി,നാഹിദ ഇസ്സത്,ലൈലാ നയ്ഹൂം,ഫാതിനാ അല്‍ഗര എന്നിവര്‍ മനസ്സിലേക്ക് ഓടിയെത്തുന്നു .നമ്മുടെ സച്ചിദാനന്ദന്‍,ചുള്ളിക്കാട്,കുരീപ്പുഴ ശ്രീകുമാര്‍എന്നിവരെ  അവര്‍ കുറച്ചെങ്കിലും ഓര്‍മിപ്പിക്കുന്നുണ്ട്.ദോഹയുടെ സാംസ്കാരിക ജീവിതത്തിലും അറബ കവികള്‍ക്കും ഗായകര്‍ക്കും വളരെ പ്രാധാന്യവുമുണ്ട്.കലയെ,സംഗീതത്തെ,നാടകത്തെ,സിനിമയെ ഇങ്ങനെ തോളിലേറ്റുന്ന ജനത അപൂര്‍വമായിരിക്കും.
ഇസ്ലാമിക് മ്യൂസിയത്തില്‍ ചെന്നാലറിയാം ഇതര സംസ്കാരങ്ങളെയും ജീവിത രീതിയും ഖത്തര്‍ എത്രയധികം ബഹുമാനിക്കുന്നുണ്ടെന്ന്.ഇന്ത്യ,ഇറാന്‍,ഇരാക് തുടങ്ങിയ രാജ്യങ്ങളിലെ സംസ്കാരവും തൊഴിലും ഗണിതവും കലയും പരവതാനി നിര്‍മാണവും അവിടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് ചരിത്രത്തിന്റെ  ഭാഗമായിരിക്കുകയാണ്.
നിനക്കെന്റെ ഉള്ളംകയ്യുടെ മറ നീക്കാമോ?
ഒരു ചുംബനം കൊണ്ടല്ലാതെ
ബോംബു കൊണ്ടല്ലാതെ ............ഫാതിനാ അല്ഗരയുടെ ഈ വാക്കുകള്‍ ദോഹയ്ക്ക്  ബാധകം അല്ല.സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷത്തില്‍ വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി വന്നെത്തുന്നു.കഴിഞ്ഞ വര്ഷത്തെ സ്വാതന്ത്ര്യ ദിന സായാഹ്നം.ട്രാഫിക് തിരക്കുകളില്‍ എന്റെ വാഹനവും കുരുങ്ങി ശ്വാസം മുട്ടുന്നു.ആഘോഷതിമിര്‍പ്പിനിടയില്‍ ഒരാള്‍ വന്നു വിന്‍ഡ്‌ സ്ക്രീന്‍ താഴ്ത്താന്‍ ആവശ്യപ്പെടുന്നു.ഞാന്‍ കരുതി.അയാള്‍ എനിക്കൊരു  സമ്മാനം തരാനായിരിക്കും.ഉത്സാഹത്തോടെ സ്ക്രീന്‍ താഴ്തിയപ്പോള്‍ അയാള്‍ എന്തോ ഒരു ദ്രാവകം എന്റെ ചെവിയിലേക്ക് സ്പ്രേ ചെയ്തു.എനിക്ക് ദേഷ്യം അല്ല  തോന്നിയത്.അയാളുടെ എല്ലാം മറന്നുള്ള ആഘോഷബോധതോടുള്ള താദാത്മ്യം.
ദോഹ ഈ വര്‍ഷവും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്.പുതിയ വസന്തത്തെ താലോലിക്കാന്‍.if oneday people desire to live/then fate will answer their call-എന്ന് തുനീഷ്യന്‍ കവിയായ അബുല്‍ഖാസിം അശാബി എഴുതുമ്പോള്‍ മുല്ലപ്പൂക്കളുടെ പരിമളം നാം വീണ്ടും അറിയുന്നു.ദോഹയെ സംബന്ധിച്ചിടത്തോളം ജനതയ്ക്ക് ഈ കവിതയെ മറ്റൊരു തരത്തില്‍ വായിക്കാന്‍ കഴിയും.അത് അവരുടെ ഇചാശക്തിയുടെ വിളംബരം തന്നെയാണ്.ഖത്തര്‍ എന്ന മഹത്തായ രാജ്യത്തിന്റെ ബൌദ്ധികവും സാംസ്കാരികവും വ്യാവസായികവും സാമൂഹികവും ആയ വളര്‍ച്ചയും ദീര്‍ഘദര്‍ശനവും  തന്നെയാണത്.

Dec 2, 2011

ശൈത്യ സംവാദം

ഇന്ന് ഞങ്ങള്‍ കുറച്ചധ്യാപകര്‍ ആരുടെ കവിതയാണ് മികച്ചത്  എന്ന സംവാദത്തില്‍ ഏര്‍പ്പെട്ടു.ഓ.എന്‍.വി.യുടെ യും മധുസൂദനന്‍ നായരുടെയും കവിതകളാണ് മുന്തിയത് എന്ന് ഒരു ടീച്ചര്‍ വാദിച്ചപ്പോള്‍ ഞാന്‍ വിനീതമായി വിയോജിച്ചു.ഓ.എന്‍.വി.യുടെ കവിതകള്‍ ജ്ഞാന സമ്പാദന തിനപ്പുറം ഒന്നുമല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു.കവിതയ്ക്ക് താളം വേണം മാഷേ....


താളം മാത്രമുണ്ടായാല്‍ കവിതയാകുമോ എന്ന് ഞാന്‍ ചോദിച്ചു.ഭാവമല്ലേ കവിത.താളത്തെക്കാള്‍....പാറ പൊട്ടിക്കുന്നതിനും,വിറകു കീറുന്നതിനും,മണിയടിക്കുന്നതിനും,പല്ല് തേക്കുന്നതിനും ,കുളിക്കുന്നതിനും,മുടി ചീകുന്നതിനും താളമുണ്ട്.പക്ഷെ അത് കവിതയാകുന്നില്ല.അത്തരം പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് പ്ലൈന്‍ ആയി എഴുതിയാലും കവിതയാകുന്നില്ല.പകരം അതിന്റെ ഭാവാത്മകവും ധ്യാനാത്മകവും ആയ മാനസിക പ്രവര്‍ത്തനങ്ങളെ ക്കുറിചെഴുതിയാല്‍ കവിതയായി എന്ന് പറയാം.വളരെ ഉപരിപ്ലവം ആയി താളാത്മകം ആയി എഴുതിയാല്‍ കവിതയായി എന്ന് പറയാന്‍ കഴിയുമോ....


സച്ചിദാനന്ദന്റെ കവിത തനിക്കിഷ്ടമില്ലെന്നു മറ്റൊരു സുഹൃത്ത്‌ കൂടി പറഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് നമ്മുടെ സമൂഹത്തില്‍ ഇന്നും കവിതയെ കുറിച്ച് വളരെ യാഥാസ്ഥിതികം ആയ കാഴ്ചപ്പാടുകള്‍ മുന്തി നില്‍ക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു പോയി.ഇന്നും കവിതയെന്നാല്‍ വള്ളത്തോള്‍ അല്ലെങ്കില്‍ ശങ്കരക്കുറുപ്പ്....പുതിയ കാലം അത്ര മേല്‍ ആരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.വല്ലതോളിന്റെയും ശങ്കരക്കുരുപ്പിന്റെയും ഓ.എന്‍.വി.യുടെയും കവിതകളില്‍ രാഷ്ട്രീയം ഉപയോഗിച്ചാല്‍ തന്നെ അത് രാഷ്ട്രീയത്തിന് വേണ്ടിയുള്ള രാഷ്ട്രീയമായി അധപ്പതിക്കുകയെയുള്ളൂ.



ഭാവഗായകര്‍  എന്ന നിലയില്‍ ഇത്തരം കാല്‍പനിക കവികള്‍ അമ്ഗീകരിക്കപ്പെടുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഭൂരിപക്ഷം പേരും പറയുക.മലയാളിയുടെ സൌന്ദര്യ ബോധത്തിന് അകത്തു വേരുറച്ചു  പോയ കപടമായ  സംകല്‍പമാണ് ഇത്.കാല്‍പനിക ചക്രവര്‍ത്തിമാരായ ചങ്ങമ്പുഴയില്‍ നിന്നും ഇടപ്പള്ളിയില്‍ നിന്നും കാലികതയുടെ അല്പമാത്ര രാഷ്ട്ര്രീയത ഓ.എന്‍.വി.ടീമിനെ വേര്‍തിരിച്ചു നിര്തുന്നുന്ടെങ്കിലും ജ്ഞാനപ്രകാശനം എന്നതില്‍ കവിഞ്ഞ ഒരു സ്വാഭാവിക രാഷ്ട്രീയം ഈ ടീമിനുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.



എന്തിനാണ് കവിതയില്‍ രാഷ്ട്രീയം പ്രയോഗിക്കുന്നത് എന്ന ചോദ്യം തന്നെ ബാലിശമാണ്.കവിത തന്നെ രാഷ്ട്രീയം ആയിരിക്കണം എന്നതാണ് അതിന്റെ ഉത്തരം.സാഹിത്യവും കലയും സംസ്കാരവും രാഷ്ട്രീയത്തിന് വേണ്ടി യായിരിക്കണം.അപ്പോള്‍ കവിതയില്‍ രാഷ്ട്രീയം ഉപയോഗിക്കേണ്ടി വരില്ല.സാഹിത്യതിനെക്കാള്‍ ശുദ്ധ രാഷ്ട്രീയം ആണ് സ്വാഭാവികം എന്ന് തിരിച്ചറിഞ്ഞതിനു ശേഷം ആയിരിക്കണം അരുന്ധതി റോയ് ഫിക്ഷനെ ഉപേക്ഷിച്ചു ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്.അക്ടിവിസത്തിനു ഫിക്ഷന്‍ പോരെന്നു അരുന്ധതി മനസ്സിലാക്കിയിരിക്കാം.ഫിക്ഷനിലൂടെയും പ്രതിജ്ഞ ബധത തെളിയിക്കാം എന്നിരിക്കെ......



വള്ളത്തോള്‍ ദേശഭക്തി ഗാനങ്ങളും ഓ.എന്‍.വി.വിപ്ലവപാര്ടി ഗാനങ്ങളും എഴുതിയിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല.പക്ഷേ വിപ്ലവബോധവും രാഷ്ട്രീയ ബോധവും കവിതയുടെ ബാഹ്യപ്രകൃതി എന്നതിനേക്കാള്‍ അതിന്റെ ആന്തരിക ലോകമ ആയി വികസിക്കുമ്പോള്‍ ആണ് കവിത വിജയിക്കുക.അല്ലെങ്കില്‍ അത് മുദ്രാവാക്യ കവിതയോ വെറും വന്ദേ മാതര്മോ ആയി ചുരുങ്ങിപ്പോകും.



വൈലോപ്പിള്ളി ,ഇടശ്ശേരി,ആശാന്‍ കവിതകളിലെ രാഷ്ട്രീയത്തിന്റെ പ്രത്യേകതകള്‍ ഇതാണ്.വിപ്ലവത്തിന്റെയും വ്യവസ്ഥിതിക്കെതിരെയുള്ള വിമര്‍ശനത്തിന്റെയും ജ്വാലകള്‍ ആന്തരികമായാണ് കാണാന്‍ കഴിയുക.അത് കൊണ്ടാണ് ഇത്തരം കവിതകള്‍ വെറും ഏറു പടക്കങ്ങള്‍ ആയിപ്പോകാതെ അതീത കാലത്തെയും നീരിപ്പുകയ്ക്കുന്ന വെടിമരുന്നു ആകുന്നതു.



ക്ലാസ്സിക് സ്വഭാവം ആണ് ഓ.എന്‍.വി.ഫാന്‍സ്‌ ക്ലബ്‌ അംഗങ്ങള്‍ എടുത്തു കാട്ടുന്ന മറ്റൊരു പ്ലസ്‌ പോയിന്റ്‌.കാല്പനികം ആയ ക്ലാസ്സിക് സ്വഭാവം യഥാര്‍ത്ഥത്തില്‍ ചെടിപ്പാന് അനുഭവപ്പെടുത്തുക.നിരന്തര പാരായണം നടത്തി നോക്കിയാല്‍ ഇത് മനസ്സിലാകും.ബഷീറിന്റെയും മാധവിക്കുട്ടിയുടെയും കൃതികള്‍ എത്ര വായിച്ചാലും പുതിയ അര്‍ത്ഥ പരികല്പനകള്‍ ലഭിക്കുന്നതിനു പിന്നിലുള്ള മാന്ത്രികത ,അത് ജീവിതവുമായി അത്ര മേല്‍ യഥാതതം ആണ് എന്നതാണ്.



സുഹൃത്തുക്കളെ .ഇനി നിങ്ങളുടെ പ്രതികരണം അറിഞ്ഞതിനു ശേഷം ഞാനീ വിഷയത്തില്‍ പ്രതികരിക്കുന്നതല്ലേ നല്ലത്.നിങ്ങള്ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഏറെ ആഹ്ലാദ കരമാണ്.അതിനനുസരിച്ച് എന്റെ നിരീക്ഷങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കാം .....