Search This Blog

Dec 21, 2014

എല്ലാം വെറുതെയാണ്




പൊലയാടിമക്കളെയെന്നു
വെറുതേയല്ല
അയ്യപ്പന്‍
പുലഭ്യം പറഞ്ഞത്.

‘ധര്‍മപുരിയില്‍
പ്രജാപതിക്ക്‌........’
വിജയന്‍
വെറുതെയല്ല
ദാര്‍ശനികനായത്.

കേരളീയര്‍
തോറ്റ ജനതയാണെന്ന്
എഴുതിവെച്ച്
സുബ്രഹ്മണ്യദാസ്
ഓര്‍മയായതും
വെറുതേയല്ല.

സഭയെ തകര്‍ത്ത്
വാഴ നടണമെന്ന്
വര്‍ക്കിയും
പോളും
ക്ഷോഭിച്ചതും
വെറുതെയല്ല.

കക്കയം ക്യാമ്പിലൊരാള്‍
ഉരുട്ടിക്കൊല ചെയ്യപ്പെട്ടതും
വര്‍ഗീസ്‌ പാറയില്‍
മറ്റൊരാള്‍
കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ടു
നെഞ്ചില്‍ വെടിയേറ്റ്‌
വെറുമൊരു
കള്‍ട്ട് മാത്രമായതും
വെറുതെയല്ല.

ശിവഗിരിയില്‍
മുങ്ങി നിവര്‍ന്നൊരാള്‍
വെറുമൊരു
കല്ല്‌ പ്രതിഷ്ഠിച്ചു
നിങ്ങള്‍ക്കുമിതാ
പാവമൊരു ദൈവമെന്നു
നിര്മമനായതും
വെറുതെയല്ല.

സര്‍വരാജ്യത്തൊഴിലാളികളെയുമൊരുമിപ്പിച്ചവന്‍
തന്മകന്‍
വയര്‍ പൊരിഞ്ഞ്
പ്രാണന്‍ വെടിഞ്ഞപ്പോള്‍
സാധാരണക്കാരുടെ
ശവവണ്ടി വരാന്‍
കാത്തു നിന്നതും
വെറുതെയല്ല.

പണ്ടൊരു
പത്രമൊതലാളി
‘സ്വദേശാഭിമാനി’
നടത്തിയതിനു
കടലില്‍ ചാടേണ്ടി വന്നതും
വെറുതെയല്ല.

ഹിന്ദുവിനെയും
മുസ്ലിമിനെയും
ഹൃദയത്തിന്റെ
അറകളായി
കണ്ടിരുന്ന
അര്‍ദ്ധനഗ്നനായ ഫക്കീര്‍
നെഞ്ചു കലങ്ങിവീണതും
വെറുതെയല്ല.

ഇങ്ങനെയൊരു പാട്
ചരിത്രത്തിന്റെ
കറുത്ത പാടുകളെക്കുറിച്ചു
പാടാനുണ്ട്.

കാര്യമില്ലെന്നറിഞ്ഞു തന്നെ.


അസീസ്‌ നല്ലവീട്ടില്‍
9633626596