Search This Blog

Mar 29, 2015

പെയ്ത്ത്




നീ
നിര്‍ത്താതെ പെയ്യുന്നത്
എന്തുകൊണ്ടാണ്?

ചിലപ്പോള്‍
ചിണുങ്ങിയും
കോരിച്ചൊരിഞ്ഞും
ചരല്‍ വാരിയെറിഞ്ഞും
ഒളികണ്ണിട്ടു നോക്കിയും

അപ്രതീക്ഷിതമായി
കോപിച്ചും
മുരണ്ടും
ചിന്നിച്ചിതറിയും
അട്ടഹസിച്ചും
തീപ്പൊരി ചിതറിയും
നേരിയ കാറ്റിന്റെ ശീതളിമയില്‍
പ്രലോഭിപ്പിച്ചും
പൊടുന്നനെ
ഇമ ചിമ്മി
ചുണ്ടിന്കോണില്‍
കള്ളച്ചിരി
ഒളി മിന്നിച്ചടങ്ങിയും

ചിലപ്പോള്‍
നിര്‍ത്താതെ
പുലഭ്യം പറഞ്ഞും
പരിഭവിച്ചും

അലസയായി
കണ്ഠം വെട്ടിച്ച്
ശാന്തയായി നടിച്ചും

ചിലപ്പോള്‍
കണ്ണുകളില്‍
ചതിയും ഒറ്റും
മറച്ച്
തിളങ്ങി
വിളങ്ങി
കൊടുംകാറ്റായി......

ഒടുവിലെല്ലാം ശമിച്ചെന്നു
കരുതിയിരിക്കുമ്പോള്‍
വീണ്ടും
പ്രകമ്പനം കൊള്ളിച്ച്
കൊള്ളിയാനായി

സാരമില്ല,
എന്നെന്കിലുമൊരിക്കല്‍
നിനക്ക്
ശാന്തയാകാതെ
പറ്റില്ലല്ലോ

അന്ന്
നിന്നെയലോസരപ്പെടുത്താന്‍
ഞാനുണ്ടാകില്ല.        


Mar 28, 2015

രസതന്ത്രം




വിളിച്ചാലെടുക്കാതെ
സ്നേഹിക്കാതെ
സ്നേഹിക്കപ്പെട്ട്

കയറില്‍
തൂങ്ങിയാടുന്നതോ
റെയില്‍വേ ട്രാക്കിലെ
തലയറ്റ
ഉടലറ്റ
കബന്ധത്തിന്റെ
ചിതറിയ
വര്‍ണരാശിയോ
വിഷം കഴിച്ചു മരിച്ചു
വികൃതമാം മുഖമോ
ഏതാണ്
നിന്നെ തൃപ്തിപ്പെടുത്തുക?

ചോദിക്കില്ലൊരിക്കിലും
വിളിക്കില്ലൊരിക്കിലും
യാചിക്കില്ലൊരിക്കിലും
അര്‍പ്പിക്കില്ലൊരിക്കിലും
ഇടപെടില്ലൊരിക്കിലും
വേദനിപ്പിക്കില്ലൊരിക്കിലും
പ്രണയിക്കില്ലൊരിക്കിലും
കാണില്ലൊരിക്കിലും
കേള്‍ക്കില്ലൊരിക്കിലും
ഒരു മുടിയിഴയില്‍പ്പോലും
സ്പര്ശിക്കില്ലൊരിക്കിലും

ഒരു വര്‍ണം പോലും
ഉച്ചരിക്കില്ലൊരിക്കിലും..........              

Mar 21, 2015

മധുരനാരങ്ങ




നീ വരുന്നതിനു മുന്‍പേയവള്‍
തൊലി കളഞ്ഞിരുന്നു.
അല്ലികളോരോന്നായെടുത്ത്
വേരും നാരും പറിച്ച്
(ശാസ്ത്രീയമല്ലെങ്കിലും)
വീണ്ടും കഴുകി
ജാറിലിട്ടു വെച്ചിരുന്നു.

നീ വന്നയുടനെ
ബട്ടണമര്ത്തുകയെ വേണ്ടൂ
സ്വയം വേദനിച്ചാലും
നിന്നെ വേദനിപ്പിക്കാതെ
കാത്തു നിര്‍ത്താതെ
ദാഹവും വിശപ്പുമറിയിക്കാതെ
അവഗണനയുടെ
കയ്പ്പ് കുടിപ്പിക്കാതെ
കണ്പീലികളില്‍
കരടു വീഴാതെ
സൂക്ഷിക്കും.
പ്രണയിപ്പിക്കാനായി
സ്നേഹത്തിന്റെ
ഉപ്പ് രുചിപ്പിക്കും.

നീ
കാടിന്റെ
മണ്ണിന്റെ
കോടമഞ്ഞിന്റെ
തെളിനീരുറവയുടെ
തണലിന്റെ
മരക്കൂട്ടങ്ങള്‍ക്കിടയിലൂടരിച്ചിറങ്ങുന്ന
സൂര്യോദയത്തിന്റെ
അസ്തമനത്തിന്റെ
ചിത്രങ്ങള്‍
മാത്രമറിഞ്ഞെന്കിലവള്‍
അത് തന്നെയാണ്.
അതു കൊണ്ടാണവളവയുടെ
തണുപ്പിനെ
ചൂടിനെ
സമാശ്വാസങ്ങളെ
നിനക്ക് നല്‍കുന്നത്.

പ്രണയത്തിന്റെ
രുചിയറിയിക്കാന്‍.
അവഗണനയുടെ കയ്പ്പ്
വിരഹത്തിന്റെ തീ
എത്രമേലസഹ്യമാണെന്നു
ബോധ്യപ്പെടുത്താന്‍.

അതുകൊണ്ടാണവള്‍
ഓരോ അല്ലിയും
ഇത്രമേല്‍ സൂക്ഷ്മമായി
കഴുകിയെടുത്തത്.
അതിശുദ്ധി
ഫാസിസമാണെന്നറിഞ്ഞിട്ടും

ഞാനവളോട് പറഞ്ഞിരുന്നു
പഞ്ചസാരക്ക് പകരം
ഉപ്പാണ് നല്ലതെന്ന്.
അതുകൊണ്ടവള്‍ രണ്ടും
സമാസമം ചേര്‍ത്തു.
എന്റെ സ്നേഹതീവ്രതയെ
നിനക്ക് സഹനീയമാക്കാന്‍.

അവള്‍
സ്റ്റീഫന്‍ഹോക്കിങ്ങിന്റെ ജെയിനോ
സാര്‍ത്രിന്റെ മദാം ബുവ്വെയോ
ഹിട്ലെറുടെ കാമുകിയോ
ക്രിസ്തുവിന്റെ മഗ്ദലനക്കാരിയോ
ഒന്നുമല്ല.

ഒടുവില്‍
ഞാന്‍ പ്രണയിച്ചു പോവുക
അവളെയായിരിക്കും.