Search This Blog

May 29, 2015

ശിക്ഷ




പുസ്തകത്താളില്‍
പെറ്റ് പെരുകുന്നത്
കാണാന്‍
സൂക്ഷിക്കാന്‍
മയില്‍പ്പീലിയില്ല.
മയിലുകളെവിടെ?
വസിക്കാന്‍
കാടുകളെവിടെ?

മഞ്ചാടിമണികള്‍
പെറുക്കാന്‍
ഇടവഴികളില്ല.
ചാഞ്ഞുനില്‍ക്കും
മരങ്ങളില്ല.

ഞാവല്‍പ്പഴത്തിന്‍
ചവര്‍പ്പും മധുരവും
നീലിച്ച നാവുകളില്ല.
കനത്ത ബുള്‍ഡോസറിന്‍ വായ
പച്ചകളെയെല്ലാം
വിഴുങ്ങിയല്ലോ.

വിരസമാം ഗണിതത്തിന്നുപകരണപ്പെട്ടിയില്‍
രഹസ്യങ്ങളൊന്നുമില്ലല്ലോ.
സൂക്ഷിക്കാനയവിറക്കാന്‍.


ഉത്സവപ്പറമ്പിലിരുട്ടില്‍
തണുപ്പില്‍
ആരും കാണാതെ
ഞെരിക്കാന്‍
കുപ്പിവളക്കൈകളില്ല.

മടക്കി നിലത്തമര്ത്തി വെച്ച
കൈവിരലുകളില്‍
വേദനയുടെ പെരുക്കം
സൌഹാര്ദമായി നിറയുന്ന
കോട്ടികളിയില്ല.

പൂക്കൊട്ടകളുമായി
തലങ്ങും വിലങ്ങും പറക്കുന്ന
കുരുന്നു ശലഭങ്ങളുടെ
ഓണമൈതാനങ്ങളില്ല.

അക്ഷരത്തിലും വര്‍ണത്തിലും
രാഗങ്ങളിലും താളങ്ങളിലും
ഒളിപ്പിച്ചു വെച്ച
പ്രണയപ്പൊതികള്‍
സ്വീകരിക്കാന്‍
മോഹിതരില്ല.      
.


May 25, 2015

വ്യവസ്ഥിതി




ഇന്നലെ പെയ്ത മഴ പോലെ
ഞാനെഴുതിയ കഥയിലെ
ആശയം ചോര്‍ന്നു പോകയും
അക്ഷരങ്ങള്‍
കൊള്ളിയാന്‍ പോലെ
മുറിവേല്പ്പിക്കയും
കഥാപാത്രങ്ങള്‍
മുറിക്കു പുറത്ത്
പരുങ്ങിനില്‍ക്കയും
ചിഹ്നങ്ങള്‍
മദയാനയെ പോലെ
ചിന്നം വിളിക്കയും
പാഠം
മാവോയിസ്റ്റിനെ പോലെ
വേട്ടയാടപ്പെടുകയും
പാഠാന്തരം
ഗതികെട്ട പ്രേതത്തെ പോലെ
നിസ്വനാവുകയും..........

ഈശ്വരാ,
ഒരു വരി പോലും
എഴുതരുതല്ലോ.
വന്ന വരികളെ
വരകളെ
വരിയില്‍ നിര്‍ത്തി
കൊല ചെയ്യേണ്ടി വരുന്നുവല്ലോ.