Search This Blog

Feb 6, 2015

തിളപ്പ്






അടിയിലെ
ചൂടിനനുസരിച്ചു മാത്രമല്ല
ചായ
തിളച്ചു തൂവുന്നത്.
പാത്രത്തിന്റെ
സംവഹനത്തിനനുസരിച്ചും
ചായക്കൊതിയന്മാരുടെ
കൊതിച്ചികളുടെ
ഭ്രാന്തമായ
അശ്രദ്ധയാലുമാണ്.

തിളച്ചു തൂവിക്കഴിഞ്ഞാല്‍
പിന്തുണക്കുന്നവരെയെല്ലാം
വൃത്തികേടാക്കും.
ചായയുടെ
ഗുണം പോകും.
ഗതികെട്ട കാലത്തെ
ഗതികേടിന്റെ പര്യായമാകും.
മറ്റൊരു പാത്രത്തില്‍
മറ്റൊരു ചൂടില്‍
മറ്റൊരു കാലാവസ്ഥയില്‍
തിളപ്പിക്കേണ്ടി വരും.

അതും തൂവിപ്പോയാല്‍
പൊറുതികേടാകും.
ചായയോടു തന്നെ
വിമുഖരാകാം.
പാത്രത്തെയോ
ചൂടിനെയോ
കാലാവസ്ഥയെയോ
സ്ടൌവിനെയോ
പഴി പറയാം.
ചായയെക്കാള്‍
കാപ്പിയാണ് നല്ലതെന്ന്
പുളിക്കാം.

ഇനി
കാപ്പിയും തൂവിപ്പോയാല്‍
ആരെ
പഴി പറയും.
എന്നും പഴി മാത്രം
പറയുന്നവര്‍
പഴിക്കപ്പെടുന്നവര്‍ക്കാധിയും
വ്യാധിയും
മാനഹാനിയുമില്ലെന്നറിഞ്ഞു
മടുത്തു പിന്‍വലിയും.
അവനവനെത്തന്നെ മടുത്തു
ഉള്‍വലിയും.

അപ്പോഴും
ചായയുടെ
മഹത്വമാറാതെ
ഈച്ച വീഴാതവശേഷിക്കും.
ചായയെക്കുറിച്ചു
ഗവേഷണങ്ങള്‍
സെമിനാറുകള്‍
പ്രതിഷേധങ്ങള്‍
കലാപങ്ങള്‍
രക്തച്ചൊരിച്ചിലുകള്‍
രക്തസാക്ഷികള്‍
സ്മാരകങ്ങള്‍
ക്ഷേത്രങ്ങള്‍
മഖാമുകള്‍
പുരസ്ക്കാരങ്ങള്‍
തിരസ്ക്കാരങ്ങള്‍
ത്യാഗങ്ങള്‍.

ഓക്കെ,
ചായസല്‍ക്കാരങ്ങള്‍
ആചാരപരമായി നടക്കട്ടെ.
ചൂടാറാതെ
ചായയോടൊപ്പം
കടിയും കടിച്ചു
കൂടെ
പച്ചയിറച്ചിയും
തിന്നാം.