എന്റെ തറവാട്ടിലെ കൊച്ചുകുട്ടികള്‍ പോലും എന്നെ
ഭയക്കുകയാണ്.ഞാന്‍ ഒരുപാട് ചിന്തിച്ചു,എന്തായിരിക്കും കാരണം?.ഹസ്തദാനം ചെയ്യാന്‍
ശ്രമിക്കുമ്പോള്‍ അവര്‍ വളരെയധികം ഉള്‍വെലിയുന്നു.ആലിംഗനത്തിന് ശ്രമിക്കുമ്പോള്‍ ഓടിയൊളിക്കുന്നു..ഞാന്‍
ഗാഢമായി ചിന്തിക്കാന്‍ തന്നെ തീരുമാനിച്ചു.യുറേക്കാ,,,,എനിക്ക് ഉത്തരം
കിട്ടി.അതെ,അത് തന്നെ കാര്യം.ആ കൊച്ചുകുട്ടികള്‍ സ്ഥിരമായി ടി.വി.യുടെ മുന്നില്‍
ഇരിക്കുന്നവര്‍ ആണ്.ദിവസവും പീഢനവാര്ത്തകള് അല്ലെ.അതും അച്ഛനും അമ്മാവന്മാരും
സഹോദരന്മാരും ഒക്കെ ചെര്‍ന്നല്ലേ പറക്കമുറ്റാത്ത പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത്.നെന്ചിടിപ്പോടെയും
ദുസ്വപ്നങ്ങള്‍ കാണുന്ന പോലെയുമാണ് ഓരോ ദിവസവും ഓരോ പീഢനവാര്‍ത്തകള്‍ നാം
വായിക്കുന്നത്..ചാനലുകള്‍ അത് നന്നായി ആഘോഷിക്കുകയും പ്രേക്ഷകര്‍ വൈകുന്നേരത്തെ
ചായകുടി കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നത് ന്യൂസ് അവര്‍ എക്സ്ലൂസിവ്
വാര്തകളിലൂടെയാണല്ലോ.നമ്മുടെ മടിയിലിരിക്കുന്ന കുരുന്നുകള്‍ നമ്മളറിയാതെ വാര്‍ത്തകളുടെ
നുറുങ്ങുകള്‍ പിടിച്ചെടുക്കുന്നുണ്ട്.അത് കൊണ്ടാണ് എന്താണ് ഉപ്പാ പീഡനം എന്ന് അവര്‍ ചോദിക്കുന്നത്.
ഞാനും ഒരു അച്ഛന്‍,അമ്മാവന്‍,സഹോദരന്‍ അല്ലെ എന്ന
ബോധ്യത്തോടെയാണ് കുരുന്നുകളെ അഭിമുഖീകരിക്കാര്.പീഢകര്‍ക്കും ഇത്തരം ബോധ്യങ്ങള്‍
ഉണ്ടായിരിക്കുമോ ആവോ.മറയാത്ത ബോധത്തോടെ തന്നെ ആയിരിക്കും പീഡനത്തില്‍ ഏര്‍പ്പെടുന്നത്.ഡല്‍ഹിയിലെ
ഓടുന്ന ബസ്സിലെ യുവതിയുടെ ദുരവസ്ഥ മറ്റൊരു പീഢനവാര്‍ത്തയോടെ നമ്മള്‍
മറക്കും.ലൈംഗികാവയവങ്ങളില്‍ ബലാല്‍സംഘാനന്തരം ആ കാപാലികര്‍ ഇരുമ്പുകമ്പി കൊണ്ടും
ബ്ലേഡ് കൊണ്ടും കോറി വരഞ്ഞു പോലും. ഇരുമ്പുകമ്പി ജനനേന്ദ്രിയത്തിലൂടെ വയറിനകത്തെക്ക്
കടത്തി എന്നും പാഠഭേദം.എന്തിനാണ് ബലാല്സംഘത്തിനു ശേഷം ഇരയെ ആക്രമിക്കുന്നത്,അതും
വളരെ മൃഗീയമായി എന്നത് മനശാസ്ത്രജ്ഞന്മാര്‍
വ്യക്തമാക്കേണ്ടതാണ്.വേഴ്ച പോലെ തന്നെ അക്രമത്തിലൂടെയും അവര്‍ക്ക് രതിമൂര്‍ച്ഛ
സാധ്യമാകുന്നുണ്ടാവുമോ?
വിഷയത്തിലേക്ക് വരാം.ചെറിയ പെണ്‍കുട്ടികള്‍ പോലും
ഇപ്പോള്‍ പുരുഷന്മാരുടെ കാഴ്ച്ചവട്ടത്തു നിന്നും നിഷ്ക്രമികാന്‍ ശ്രമിക്കുന്നത്
അവരുടെ രക്ഷിതാക്കള്‍ നല്‍കുന്ന അതികര്‍ശനമായ നിര്ദേശങ്ങളാല്‍ ആയിരിക്കാം.ആരെയും വിശ്വസിക്കാന്‍ പറ്റില്ല
മോളെ,അടുത്ത ബന്ധുക്കളെ പോലും,അവരോടു അടുത്ത് ഇടപഴകരുത്,അവര്‍ തരുന്ന മിഠായികള്‍,പലഹാരങ്ങള്‍
എന്നിവയൊന്നും സ്വീകരിക്കരുത്,അവര്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ നിങ്ങളോട്
പെരുമാറുന്നുന്ടെന്കില്‍ ഞങ്ങളോട് പറയണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇന്നലെ മാതൃഭൂമി
ദിനപത്രത്തിലും കണ്ടു.
ഒരു പുരുഷനായി ജനിച്ചതില്‍ എനിക്ക് ആത്മനിന്ദ തോന്നിയ
സന്ദര്ഭത്തെ ക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.ഇങ്ങനെ പോയാല്‍ എന്റെ മക്കളും
എന്നില്‍ നിന്ന് വല്ലാത്ത, അതിവിചിത്രമായ അകലം പാലിക്കില്ലേ,അങ്ങനെ പാലിച്ചാല്‍
ജീവിതത്തിനു നമ്മളാഗ്രഹിക്കുന്ന തനത് രുചിയും മണവും നിറവും സൌരഭ്യവും
നഷ്ടപ്പെടില്ലെ എന്ന ആകാംക്ഷയിലാണ് ഞാന്‍.ഇതേ ആകാംക്ഷകളാല്‍ സംഘര്‍ഷഭരിതരായ
ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്.അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച്
ചിന്തിക്കാനൊ രുങ്ങുന്നത്.
മകളെ ഷേക്ക്‌ഹാന്‍ഡ് ചെയ്യേണ്ടതായ,ആലിംഗനം ചെയ്യേണ്ടതായ ജീവിതസന്ദര്ഭങ്ങള്‍
നമുക്കുണ്ടാവും.എന്റെയൊരു വിദേശസുഹൃത്തു
പറഞ്ഞതു,അവര്‍ സകുടുംബം ഒന്നിച്ചാണ് ഉറങ്ങുന്നത് എന്ന്.അതില്‍ അവര്‍ക്ക് അസ്വാഭാവികത തോന്നുന്നില്ലയെന്നും.പുതിയ
പീഢനവാര്‍ ത്തകള്‍ വരുന്നതോടെ അവരുടെ കുടുംബത്തിലും സംശയത്തിന്റെ കരിനിഴല്‍
വീഴാം.വിശാലമനസ്ക്കനായ ആ സുഹൃത്ത് അപക്വനായ ഒരാളോട് ഈയൊ രവസ്ഥയെക്കുറിച്ചു
പറഞ്ഞാല്‍ തെറ്റിധരിക്കപ്പെടാന്‍ സാധ്യതയുമുണ്ട്.പൊതുജനമധ്യത്തില്‍ അയാളും പീഢകന്‍
ആണ്.സാക്ഷാല്‍ പീഢകരില്‍ നിന്ന് സദാചാര പോലീസ് സൃഷ്ടിക്കുന്ന പീഢകര്‍ക്കുള്ള അകലം
വലുതാണ്.അതുകൊണ്ട് നമ്മുടെ സംകുചിതസമൂഹത്തില്‍,മതാചാരങ്ങളിലെക്കും അനുഷ്ഠാനങ്ങളിലെക്കും
അതിശക്തമായി തിരിച്ചു നടക്കുന്ന മതാത്മകഘടനയില്‍ ഇത്തരം മനുഷ്യര്‍ കൂടുതല്‍
അവഗണിക്കപ്പെടാനും സാധ്യതയുണ്ട്.
യാഥാസ്ഥിതികനായ മറ്റൊരു സുഹൃത്ത്
പറഞ്ഞത്,കുട്ടികള്‍ വളരുന്നതിനനുസരിച്ച് നമ്മള്‍ നിശ്ചിതമായ ഒരകലം സൂക്ഷിക്കണം
എന്നാണ്.സാമൂഹ്യശാസ്ത്രജ്ഞര്‍ ഇതിനും മറുപടി പറയേണ്ടതുണ്ട്.കുട്ടികളില്‍ തങ്ങള്‍
അസ്പൃശ്യരും മറക്കുടക്കുള്ളില്‍ കഴിയേ ണ്ടവര്‍ ആണെന്ന ബോധം അത് സൃഷ്ടിക്കില്ലേ
എന്നും മനോശാസ്ത്രജ്ഞര്‍ പറഞ്ഞു തരേണ്ടതാണ്.വളരെ നോര്‍മല്‍ ആയ ഒരാള്‍ക്കും മകളോട്
ലൈംഗികാഭിനിവേശം തോന്നില്ല.തോന്നുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു എന്നും ഒരുപാട്
കുട്ടികള്‍ വീടുകളില്‍ പോലും സുരക്ഷിതര്‍ അല്ല എന്നും കണക്കുകള്‍ സംസാരിക്കുമ്പോള്‍
നമ്മള്‍ ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്ന്
തോന്നുന്നു.അതുകൊണ്ടായിരിക്കാം മാതൃഭൂമി ദിനപത്രം ലൈമ്ഗികസുരക്ഷയ്ക്ക് വേണ്ട മുന്‍കരുതലുകള്‍
മിനിഞ്ഞാന് പ്രസിദ്ധീകരിച്ചത്.
സ്കൂളുകളില്‍ ഇത്തരം ജാഗ്രതകളെക്കുറിച്ചുള്ള സഹായ
നിര്‍ദേശങ്ങളും കൌന്സലിംഗും നടക്കുന്നുണ്ട്.കുട്ടികള്‍ എത്രത്തോളം തുറന്നു
സംസാരിക്കും എന്നും പരിഗണിക്കേണ്ടതുണ്ട്.സ്വന്തം അച്ഛനും അമ്മാവന്മാരും
സഹോദരങ്ങളും വര്‍ഷങ്ങളോളം പീഡിപ്പിച്ചതിനു ശേഷമാണ് പറവൂരിലെ പെണ്‍കുട്ടി എല്ലാം
വെളിപ്പെടുത്തിയത്.ഇങ്ങനെ വെളിപ്പെടുത്തപെടാത്ത എത്രയെത്ര സത്യങ്ങള്‍ കാടും പടലും
മൂടിക്കിടക്കുന്നുണ്ടാകും.ബി.ജെ.പി.ആവശ്യപ്പെട്ട ഒരേയൊരു നല്ലകാര്യമായി എനിക്ക്
തോന്നിയത് പീഢകര്‍ക്ക് ജീവപര്യന്തം പോരെന്നും വധശിക്ഷ തന്നെ നല്‍കണം എന്ന പ്രസ്താവനയാണ്.വധശിക്ഷയുടെ
മനുഷ്യാവകാശപ്രശ്നങ്ങള്‍ ഒരുപാടുണ്ടെങ്കിലും ബലാല്സമ്ഘികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം
എന്ന് തന്നെയാണ് വര്‍ഗീയവാദിയല്ലാത്ത ഞാനും കരുതുന്നത്.
കുട്ടികളെ കൌണ്സലിംഗ് നടത്തുന്നവര്‍ക്കും മതിയായ
യോഗ്യതയും കാര്യക്ഷമതയും ഉണ്ടായിരിക്കേണ്ടതാണ്.ഞാന്‍ മുന്‍പ് ജോലി ചെയ്ത ഒരു വിദ്യാലയത്തിലെ
കൌണ്സലര്‍ പ്രശ്നബാധിതരായ കുട്ടികളോട് ആദ്യം ചോദിച്ചിരുന്നത്,നിങ്ങള്ക്ക്
പ്രേമമുണ്ടോ,ആരെയാണ് പ്രണയിക്കുന്നത്,ആരാണ് നിങ്ങളെ സ്നേഹിക്കുന്നത്
എന്നൊക്കെയായിരുന്നു.ഒരുപാട് അനാവ മുന്‍വിധികളും ധാരണകളും കുടഞ്ഞെറിഞ്ഞു വേണം
നമ്മള്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികളോട് സംസാരിക്കാന്‍.
പ്രണയം മഹാപാപമാണെന്നും അതിലേര്‍പ്പെട്ടാല്‍ കുട്ടികളുടെ
പഠനം അവതാളത്തിലാകുമെന്നുമാണ് പല രക്ഷിതാക്കളും കരുതുന്നത്.പ്രണയമില്ലാതെ
ജീവിക്കാന്‍ ആര്‍ക്കും സാധ്യമല്ല.ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാകില്ല.പ്രണയം
വെറും മാംസനിബദ്ധം ആകുമ്പോഴാണ് ചതിയായും
പീഢനമായും മാറുന്നത്.ജിബ്രാന്റെയും ചങ്ങമ്പുഴയുടെയും പ്രണയകവിതകള്‍ ഇല്ലാത്ത ഒരു
ലോകത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ.എത്രമാത്രം അരസികം ആയിരുക്കുമത്.കുഞ്ഞിരാമന്‍
നായരും ചങ്ങമ്പുഴയും കീട്സും ഷെല്ലിയും ബൈറനുമൊന്നും പീഢനവാര്‍ ത്തകളില്‍ സ്ഥാനം
പിടിച്ചിട്ടില്ല.അന്ന് മാധ്യമങ്ങള്‍ ഇതുപോലെ സക്രിയം ആകാതിരുന്നത് കൊണ്ടെന്ന വാദഗതിയുണ്ടാകാം.കീട്സ്
തന്റെ കാമുകിയുടെയും ഭര്‍ത്താവിന്റെയും കൂടെ കഴിഞ്ഞു,പ്രണയം നിഗൂഢവും സുന്ദരവും
ത്രസിപ്പിക്കുന്നതുമായി അനുഭവിച്ചു എന്ന് നമുക്കറിയാമല്ലോ.എങ്കിലും കീട്സിനെതിരെ പീഡനാരോപണം
ഉയര്‍ന്നില്ല.ഗോവിന്ദചാമിയെയും പറവൂര്‍ പീഢനത്തിലെ സുധീറിനെയും കീട്സുമായും റൂമിയുമായും
ഒമെര്ഖയാമുമായും താരതമ്യം ചെയ്യാന്‍ പോലും പറ്റുമോ.
ഒരച്ഛനു മകളോട് പ്രണയമോ കാമമോ തോന്നുമോ എന്നതാണ്
നമ്മുടെ ചര്‍ച്ചാവിഷയം.അങ്ങനെ തോന്നുന്നവരെ വിദഗ്ധമായ കൌണ്സലിങ്ങിലൂടെയും
ചികില്സയിലൂടെയും സ്വാഭാവികമായ കുടുംബജീവിതത്തിലേക്കും സാമൂഹ്യജീവിതത്തിലെക്കും തിരിച്ചു
കൊണ്ടുവരേണ്ടതുണ്ട്.മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ ഇത്തരം അഗമ്യഗമനത്തെ
ചര്‍ച്ച ചെയ്യുന്നുണ്ട്.പലപ്പോഴും ലൈമ്ഗികരോഗികള്‍ക്ക് ഇത്തരം സിനിമകളും ഫിക്ഷനും
ഇത്തരം രതി,സ്വാഭാവികം ആണെന്ന തെറ്റിധാരണ സൃഷ്ടിച്ചേക്കാം.ചില ബാങ്ക് കവര്‍ച്ചക്കാര്‍
മോഷണത്തിന് പ്രേരിപ്പിച്ചത് സിനിമകള്‍ ആണെന്ന് പറയാറുണ്ട്.അതുപോലെ
ലൈമ്ഗികസിനിമകളും പോസ്റ്ററും അശ്ലീലപ്രസിധീകരണങ്ങളും ഇത്തരം രോഗികളെയും
ലൈമ്ഗികകുറ്റ കൃത്യത്തിനുപ്രചോദിപ്പിച്ചേക്കാം.അതുകൊണ്ട് ഇത്തരം സിനിമകള്‍
നിരോധിക്കണം എന്നല്ല,ഇത്തരം ആള്‍ക്കാരെ സമര്‍ത്ഥമായി കൌണ്സലി മ്ഗിനു
വിധേയമാക്കി,ഫിക്ഷനെ ഫിക്ഷനായി കാണാന്‍ അവരെ പ്രേരിപ്പിക്കണം.
അല്ലെങ്കിലും പൊതുജനമിന്നു വളരെയധികം വ്യാജമായ
ഒരു ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്.ഭീമമായ ലോണ്‍ എടുത്തു വലിയ വീട് നിര്‍മിച്ചു
വലിയ വാഹനമൊക്കെ പോര്‍ച്ചില്‍ നിര്‍ത്തി,സ്വപ്നജീവിതം നയിക്കുന്നു.ജീവിതകാലം
മുഴുവന്‍ കടം വീട്ടാനായി പരക്കം പായുന്നു.വളരെ ക്ഷണികം ആയ ജീവിതത്തിനു
വേണ്ടിയാണ്,കുറഞ്ഞസൌകര്യം കൊണ്ട് കിട്ടുന്ന അല്പം മനസ്സമാധാനത്തിനു വേണ്ടി
ശ്രമിക്കാതെയാണ് അയാള്‍ ഇങ്ങനെ ഓടുന്നത്.വയനാട്ടിലെ ആദിവാസി പഞ്ചനക്ഷത്രസൌകര്യങ്ങള്‍
ഇല്ലാതെ തന്നെ ചിലപ്പോള്‍ ബുദ്ധനെ പോലെ സമാധാനം അനുഭവിക്കുന്നുണ്ടാകും.എന്നാല്‍
ശരാശരി മലയാളിക്ക് സമാധാനം എന്നത് മരീചികയായിരിക്കുന്നു.കാരണം വളരെ അടുത്തുള്ള
സാമാധാനത്തെ അവന്‍ ഉപേക്ഷിച്ചാണ് പ്രവാസിയായി മരുഭൂമി പോലെ വെന്തുരുകുന്നത്.ഇത്തരം
ജീവിതസംകര്ഷങ്ങള്‍ തന്നെയാകാം അവനെ മനോരോഗിയാക്കുന്നതും അതിന്റെ പ്രതിഫലനമായ
അരാജകത്വം അവന്റെ കൂടപ്പിറപ്പാകുന്നതും.
അരാജകത്വത്തിന് അതിന്റേതായ ലാവണ്യം ഉണ്ടെന്നു അംഗീകരിച്ചു
കൊണ്ടുതന്നെ അത് നമ്മുടെ വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത് ആരും ഇഷ്ടപ്പെടുമെന്ന്
തോന്നുന്നില്ല.പ്രത്യയശാസ്ത്രങ്ങളെയെല്ലാം പടിക്കു പുറത്തു നിര്‍ത്തി വലിയ
പ്രസംഗങ്ങള്‍ നടത്തുന്നവരാണ് നാം.ഇങ്ങനെയുള്ള ഉഭയ-ബഹുജീവിതം നയിക്കുന്നവരാണ്
കൂടുതലും.നമ്മുടെ മനസ്സിനകത്ത് നടക്കുന്ന സംഘര്‍ഷങ്ങളെ ലഘൂകരിക്കാനുള്ള
ഒറ്റമൂലിയാണ് പലര്‍ക്കും ലൈംഗികത.അത് നിലവിലെ സദാചാരം,മതം,ആചാരങ്ങള്‍ എന്നിവയില്‍
നിന്നെല്ലാം കുതറുന്ന കാഴ്ചയാണ് നാം കാണുന്നത്.ഇത് കൂടുതല്‍ ഭയാനകം ആകുകയല്ലാതെ
കുറയുമെന്ന് ആരും പ്രത്യാശിക്കേണ്ട.രാവിലെയുണര്‍ന്നു പത്രം നിവര്‍ത്തുമ്പോള്‍,ചാനല്‍
വാര്‍ത്തകളിലേക്ക് ശ്രദ്ധ തിരിക്കുമ്പോള്‍ പീഡനം ഇല്ലാത്ത ഒരു ദിനം പോലും
ഇനിയുണ്ടാകുമെന്നു തോന്നുന്നില്ല.ഭാര്യയുടെ അമ്മയേ പീഡിപ്പിച്ച വാര്‍ത്തയാണ്
ഇന്നത്തെ പത്രങ്ങളില്‍ നിറഞ്ഞിരിക്കുന്നത്.ഇങ്ങനെ അഗമ്യഗമനത്തിന്റെ
ഇടിമുഴക്കങ്ങളും വസന്തങ്ങളും കേരളത്തിന് തീര്‍ത്തും അരാഷ്ട്രീയമായ വര്‍ത്തമാനവും
ഭാവിയുമാണ് സമ്മാനിക്കാന്‍ പോകുന്നത്.സന്നദ്ധ-സേവന സംഘങ്ങളും മുഖ്യധാരാരാഷ്ട്രീയപാര്‍ടികള്മെല്ലാം
അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട ലജ്ജാകരമായ ഒരു വിഷയമായി ഇത് മാറേണ്ടതുണ്ട്.