Search This Blog

Jan 25, 2013

അമ്മേ,മഹാമായേ..........


അമ്മ ഭവാനീ,തല്ലീ ഭവാനീ,ജയ്‌ ജയ്‌ ഭവാനീ
ജയ ജയ ജനനീ ഭവാനീ ,ജയ ജയ ദുര്‍ഗാ ഭവാനീ
മാതാ ജനനി ഭവാനീ,ദേവീ ജനനി ഭവാനീ

ചന്ദനത്തിരിയുടെയും കര്പ്പൂരതിന്റെയും സമ്മിശ്ര സുഗന്ധത്തിന്റെ തലോടലില്‍  ഭക്തജനങ്ങള്‍ കൂടുതല്‍ ആവേശോജ്വലരായി.വലത്തോട്ടും ഇടത്തോട്ടും ആടിക്കൊണ്ടും തല ചെരിച്ചു കൊണ്ടും അവര്‍ അമ്മയോടൊപ്പം അരങ്ങിനെ കൊഴുപ്പിച്ചു.ആശ്രമത്തിലേക് ജനസഹസ്രമ്  ഒഴുകിക്കൊണ്ടിരുന്നു.
തനിക്ക് പോലുമില്ലാത്ത ഭക്തി ഇവര്‍ക്കെങ്ങനെ ഉണ്ടായെന്നും അതിനെ നിലനിര്‍ത്താന്‍ കഴിയുന്നതെങ്ങനെയെന്നും അമ്മ ചിന്തിച്ചു.ലോകം മുഴുവന്‍ ആരാധകരും ശിഷ്യന്മാരുമാണ്. കടപ്പുറത്തെ ഒരു കൊച്ചുകുടിലില്‍ അച്ഛന്‍ ആരെന്നറിയാതെ ജനിച്ച താന്‍ ഇന്ന് ഒരു ആഗോള പ്രതിഭാസം ആണ്.ചെമ്മീനിലെ ചക്കിയെ പോലെ ജീവിച്ചിരുന്ന തന്റെ അമ്മ താനൊരു കറുത്തമ്മ ആകാതിരിക്കാന്‍,ദുരന്ത നായിക ആകാതിരിക്കാന്‍ ചെറുപ്പത്തിലേ ശ്രദ്ധിച്ചു.മുലയും തലയും വളര്‍ന്നപ്പോള്‍ പെണ്ണ് കാണാന്‍ വന്ന കാരിരുമ്ബൊത്ത ഒരു ദേഹവും തന്റെ കണ്ണിലും കരളിലും ഉടക്കിയില്ല.തന്റെ പരീക്കുട്ടി ഒരു നാള്‍ തന്നെ തേടി വരുമെന്ന് സ്വപ്നം കണ്ടു നടന്നു.നിലാവും കടല്ക്കാറ്റും തന്റെ കൂട്ടുകാരായി.
എന്തോ സംഭവിക്കാന്‍ പോകുന്നതായി നിലാവും കടല്ക്കാറ്റും സ്വകാര്യം  പറഞ്ഞിരുന്ന ഒരു രാത്രി പരീക്കുട്ടി കറുത്തമ്മയെ തേടിയെത്തി. ഊപ്പ പെരുക്കിയിരുന്ന തന്നെ എന്നും ഒളി കണ്ണിട്ടു നോക്കിയിരുന്ന അയാള്‍ പൗര്‍ണമിയില്‍ കുളിച്ചു കണ്ണുകളില്‍ നിറയെ നക്ഷത്രങ്ങളുമായാണ് കയറി വന്നത്.നിലാവും നക്ഷത്രങ്ങളും കിടപ്പറയില്‍ നൃത്തം ചെയ്യുന്നതായി താന്‍  കണ്ടു,അനുഭവിച്ചു.ജീവിതത്തിലാദ്യമായി തന്റെ ശരീരം മുഴുവന്‍ വിയര്‍ത്തു.ചൂടും തണുപ്പും ശരീരത്തിലും മനസ്സിലും എങ്ങനെയാണ് ഒരേ സമയം പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കി.
സ്വപ്നവും യാഥാര്‍ഥൃവും ഊടും പാവും പോലെ വസ്ത്രം തുന്നിയിരുന്ന ആ നാളുകള്‍ പൊടുന്നനെയാണ് നിലാവ് പോലെ അസ്തമിച്ചത്.താന്‍  ഏകാന്തതയുടെ നരകമറിഞ്ഞു.അയാള്‍ എങ്ങോട്ടാണ് ,എന്തിനാണ് പോയത് ?
പതിനാറിന്റെ സമൃദ്ധമായ ദേഹം നിലാവിനും കടല്ക്കാറ്റിനും മദ്ധ്യേ അനിശ്ചിതമായ കാത്തിരിപ്പായി.വര്‍ഷങ്ങള്‍ പലതു കടന്നിട്ടും കടല്‍ തന്നെ  പരിഹസിച്ചു കൊണ്ട് ഇളകി മറിഞ്ഞു.അയാള്‍ പിന്നീട്,പിന്നീട് വെറുമൊരു ഓര്‍മയായി.എങ്കിലും തന്റെ ചുട്ടു പഴുത്ത ഉടല്‍ ഇരുട്ടിലെ ചടുലമായ ചലനങ്ങള്‍ക്കായി കൊതിച്ചു.അതിന്റെ ഓര്‍മയില്‍ കോരിത്തരിച്ചു.
അയാള്‍ക്ക്‌ പകരം വന്നവനെയും താന്‍ നേരിയ  കുറ്റബോധത്തോടെ  സ്വീകരിച്ചു.നിലാവ് അസ്തമിച്ചിട്ടില്ലാത്ത,മഴയുടെ നനവ്‌ വാര്‍ന്നൊഴിയാതിരുന്ന ഉടലില്‍ വീണ്ടും വസന്തങ്ങള്‍ വിരിഞ്ഞു.കാമത്തിന്റെ ശിശിര ശരത്കലങ്ങള്‍ കടന്നു പോയി. ആദ്യ കാമുകന്റെ പ്രണയത്തിന്റെ മഴവില്ല് നനുത്ത ഓര്മ മാത്രമായി. 
മുഖമില്ലാത്ത അനേകം ഉടലുകള്‍ തന്റെ ദാഹം കെടുത്തി. ദാഹം,അന്തര്‍ദാഹം.....അവ പെരുകിക്കൊണ്ടിരുന്നു.ഒടുങ്ങാത്ത ആ ദാഹം ആണ് ഭക്തിയായും ആത്മീയതയായുമൊക്കെ രൂപാന്തരപ്പെട്ടത്.തന്റെ ഭൂതകാലം അറിഞ്ഞു കൊണ്ട് തന്നെ അനുയായികള്‍ പാദാരവിന്ദങ്ങളില്‍ വീഴുന്നു.താന്‍ അവരെ മാതൃതുല്യം ആശ്ലേഷിക്കുന്നു.അവരുടെ പ്രശ്നങ്ങള്‍ക്ക് ഏതു സാധാരണക്കാരനും പറയുന്ന രീതിയില്‍ ഒറ്റമൂലികള്‍ നിര്‍ദേശിക്കുന്നു.ചിന്തയുടെയോ ദര്‍ശനതിന്റെയോ ആഴമില്ലാതിരുന്നിട്ടും അവര്‍ ഇങ്ങോട്ടേക്ക് ഒഴുകി വരുന്നത് എന്ത് കൊണ്ടാണ്?വയനാടന്‍ മലനിരകളില്‍ തഴച്ചു വളരുന്ന കനജാവിന്റെ മൊത്തവ്യാപാരി ആയാണോ തന്നെയവര്‍ കാണുന്നത്.അതോ ആത്മീയതയും ലഹരിയും ഒന്ന് തന്നെയെന്നും ലഹരിയിലൂടെയും മോക്ഷം കൈവരിക്കാം എന്നും  തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കുമോ?ഈയിടെയായി വിദേശികളുടെ കുത്തൊഴുക്ക് തന്നെയാണ്.കൌമാരപ്രായക്കാരോടുള്ള അവരുടെ ആസക്തി അതിരുകള്‍ ലംഘിക്കുന്നുണ്ട്.ഭ്രാന്തമായ അവരുടെ അശ്വമേധങ്ങള്‍ കുറ്റകൃത്യമായി മാറുമ്പോഴും പേടിക്കാന്‍ ഒന്നുമില്ലല്ലോ.ആഭ്യന്തരമന്ത്രി തന്റെ കയ്യിലല്ലേ.രത്നാറാം പ്രശ്നത്തില്‍ അയാളാണല്ലോ തങ്ങളുടെ രക്ഷകന്‍ ആയത്.ഭരണകൂടവുമായി എന്നും നല്ല സൌഹൃദത്തില്‍ വര്‍ത്തിക്കുന്നത് ആശ്രമത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.എന്താണ് ലോകത്തിനു വേണ്ടത് എന്ന് ലോകത്തിനു ഇനിയും മനസ്സിലായിട്ടില്ല.അങ്ങനെ മനസ്സിലായാല്‍ പിന്നെ തന്നെ പോലുള്ളവരുടെ ആവശ്യം തന്നെ ഇല്ലല്ലോ.
കുന്തിരിക്കത്തിന്റെയും കര്പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഫലവര്‍ഗങ്ങളുടെയും വിയര്‍പ്പിന്റെയും  സമ്മിശ്രഗന്ധം അന്തരീക്ഷത്തെ കൂടുതല്‍ കനമുള്ളതാക്കി.ആരോ ആശ്രമത്തിന്റെ ജനാലകള്‍ തുറന്നിട്ടു.എന്നിട്ടും ഗന്ധം കപട ഭക്തി പോലെ അവിടെയെങ്ങും തങ്ങി നിന്നു.ഭജന കൊഴുക്കുകയാണ്.
ശ്രീകലദുര്‍ഗ്ഗേ ,ദേവീ ഭവാനീ
മാതാശരണ്യേ ദുര്‍ഗാ ഭവാനീ
ആദിശക്തിവേ മാ വാഴ്വേ
നമസ്തേ നമസ്തേ ജയവിജയരൂപിണീ

ഹിസ്ടീരിയ ബാധിച്ചവരെ പോലെ ഭക്തര്‍ ആടി ക്കുഴയുകയാണ്.ഇന്ഗ്ലീഷില്‍ ഏതോ ഒരു വാക്കുണ്ടല്ലോ-attribution-അതെ,അതാണ്‌ കാര്യം.അവരുടെ എല്ലാ ഉയര്ച്ചകള്‍ക്കും താനാണ്,തന്റെ അനുഗ്രഹം ആണ് കാരണം എന്നവര്‍ വിശ്വസിക്കുന്നു.അങ്ങനെയെങ്കില്‍ അവരുടെ തകര്ച്ചകള്‍ക്കും താന്‍ തന്നെ ഉത്തരവാദി ആകേണ്ടതല്ലേ.എന്ത് മണ്ടന്മാരാണിവര്‍.നിയോഗം എന്നത് എന്ത് തന്നെയായാലും സംഭവിക്കുക തന്നെ ചെയ്യും.അപ്പോള്‍ എന്നെ പോലുള്ള ഒരു ആള്ദൈവത്തിന്റെ ആവശ്യം തന്നെ എന്തിനാണ്?
മനോരോഗികള്‍ ഒരു പാട് ഇവിടെ വരുന്നുണ്ട്.അല്ഭുതമെന്നു പറയട്ടെ അവര്‍ വളരെ നോര്‍മല്‍ ആയി തിരിച്ചു പോകുന്നു.ആദിപരമ്പര തൊട്ടേ അന്ധവിശ്വാസം ജനിതകത്തില്‍ കലര്‍ന്നവരാണല്ലോ നാം.അതിനെ കുടഞ്ഞു കളയുന്ന യുക്തിബോധമുള്ളവരുടെ തലമുറ വളര്‍ന്നു വരുന്നുണ്ട്.തന്റെയും തന്നെപോലുള്ളവരുടെയും കച്ചവടത്തിന് അത് വിലങ്ങുതടിയാകുന്നുമുണ്ട്.ഇപ്പോള്‍ തന്നെ പത്തു പതിനഞ്ചു തലമുറകള്‍ക്ക് സുഖമായി കഴിയാനുള്ള ആസ്തി നേടിയെടുത്തിട്ടുണ്ട്.ഇനിയും ഈ ആത്മവഞ്ചന തുടരേണ്ടതുണ്ടോ എന്ന് തോന്നും.പണം,അധികാരം,പ്രശസ്തി എന്നിവ ഒരിക്കലും അവസാനിക്കാത്ത രതിയുടെ വേലിയേറ്റങ്ങള്‍ ആണെന്ന് സ്വയം തിരിച്ചറിയും.പിന്നെയും പിന്നെയും അത് വാരിക്കൂട്ടിയില്ലെന്കില്‍,തുടര്‍ച്ചകള്‍ ഇല്ലെങ്കില്‍ ഏതോ വിഭ്രാന്തികള്‍ തന്നെ പൊതിയുന്നതായി തോന്നും.
ലോകത്തെ മുഴുവന്‍ ഒരു വീടായി കണ്ടു കൊണ്ട് താന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വരെ മടുപ്പിക്കുന്നു.കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിനു ലാഭത്തില്‍ നിന്നാണല്ലോ  ആയിരക്കണക്കിനു ആളുകള്‍ക്ക് വീടുകള്‍ പണിയുന്നത്.അഗതികളെയും അനാഥരെയും സംരക്ഷിക്കുന്നത്.അധിക വേതനത്തിന് വേണ്ടി നര്സുമാര്‍ സമരം നടത്തിയത് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.അത് അടിച്ചൊതുക്കി സര്ക്കാര്മായുള്ള അവിശുദ്ധ ബന്ധത്തിലൂടെ ഒന്ന് തല നിവര്‍ത്തി വരുമ്പോഴാണല്ലോ അയാള്‍ രംഗപ്രവേശം ചെയ്തത്.
അതെ,അത് അയാള്‍ തന്നെയാണ്.പണ്ട് തന്നെ ഉപേക്ഷിച്ചവന്‍.ഇപ്പോഴെന്തേ പൊടുന്നനെ അയാള്‍ ഒരു സൂഫിയെ പോലെ പ്രത്യക്ഷപ്പെടാന്‍.ആശ്രമത്തിന്റെ സ്വത്തും സമ്പാദ്യവും അയാള്‍ക്ക്‌ വീതിച്ചു നല്‍കേണ്ടി വരുമോ.
ഒരു ഭക്തന്‍ കാണാന്‍ വന്നിരിക്ക്ന്നു എന്നാണ് അംഗരക്ഷകന്‍ വന്നു പറഞ്ഞത്.താന്‍ അയാള്‍ക്ക്‌ അനുവാദം നല്‍കി.പതിവ് പോലെ ആലിംഗനത്തിന് തയാറായി നിന്ന താന്‍ ഞെട്ടിത്തരിച്ചു.അയാള്‍,പഴയ അതേ പ്രൌഢിയില്‍,ഗരിമയില്‍,സൌമ്യതയില്‍.താനൊരു മഞ്ഞു മലയായി ഉറച്ചു പോയത് പോലെ അനുഭവപ്പെട്ടു.അയാള്‍ പഴയ അതേ  ഭാവഹാ വാദികളോടെ പുഞ്ചിരി തൂകി നിന്നു.ആലിംഗനത്തിനായി അടുത്ത് വന്നു.മനസ്സിലെ എല്ലാ കുളമ്പടിയൊച്ചകളും ശമിച്ചതായും വലിയൊരു കൊടുംകാറ്റ് കടപുഴക്കുന്നതായും താനറിഞ്ഞു.
“എന്നെ ഓര്‍മ്മയുണ്ടോ?” ബീഹാരിയിലോ ഹിന്ദിയിലോ അയാള്‍ മൊഴിഞ്ഞു.
തനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.ഉമിനീര്‍ ശോഷിച്ച നാവു അകത്തേക്ക് വലിഞ്ഞു.വീഴാതിരിക്കാനായി താന്‍ കസേരയിലമാര്‍ന്നു.അയാള്‍ അഭിമുഖമായി മറ്റൊരു കസേരയിലിരുന്നു.
“എനിക്ക് തന്റെ കൂടെ ജീവിക്കണം.”
കസേര ഭൂമിക്കടിയിലേക്ക് കുഴിഞ്ഞിറങ്ങുന്നതായി തോന്നി.മേശപ്പുറത്തെ കാളിംഗ് ബെല്ലില്‍ തന്റെ വിരലമര്‍ന്നു.അംഗരക്ഷകന്‍ ഓടിയെത്തി.
“ഇയാളൊരു ഭ്രാന്തനാണ് .പിടിച്ചു പുറത്താക്കൂ.”
അംഗരക്ഷകന്റെ ബലിഷ്ഠമായ കൈകള്‍ക്ക്ള്ളിലും അയാള്‍ കുതറു ന്നുണ്ടായിരുന്നു.ആശ്രമത്തിലെ മറ്റു അന്തേവാസികളും ഓടി വന്നു അയാളെ പുറത്തെത്തിച്ചു.
ആശ്രമത്തിലെ വിളക്കുകളെല്ലാം തെളിഞ്ഞു.സന്ധ്യ വളര്‍ന്നു രാത്രിയുടെ ശാന്തതയായി.ആളുകള്‍ വീണ്ടും വന്നും പോയും കൊണ്ടിരുന്നു.ചിലര്‍ തണീര്‍പന്തലില്‍ കയറി വിശ്രമിക്കുന്നത് പോലെ ഭജനയില്‍ കൂടും.തളര്‍ച്ച മാറ്റി എണീറ്റ്‌ പോകും.ഇന്ന് പതിവില്ലാത്ത തിരക്കാണ്.പിറ്റേന്ന് ഞായാറാഴ്ച ആയതിനാലാകാം.ആളുകള്‍ക്ക് എല്ലാം ആഘോഷിക്കണം.മതമായാലും ജാതിയായാലും കക്ഷി രാഷ്ട്രീയമായാലും.വിമര്ശിക്കനായി കടന്നു കൂടുന്നവരുമുണ്ട്.അവരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം.കണ്ണുകളില്‍ ഭക്തിയുടെ ദീപാവലി തെളിഞ്ഞിരിക്കുന്നവരാണധികവും.അവരാണ് യഥാര്‍ത്ഥത്തില്‍ തന്റെ പി.ആര്‍.ഓ.മാര്‍.അവര്‍ ലോകം മുഴുവന്‍ തന്റെ വാര്‍ത്തകള്‍ എത്തിക്കും.പുതുതായി ഒരു ചാനല്‍ തുടങ്ങിയതും വല്യ അനുഗ്രഹമാണ്.പിറന്നാളിനും മറ്റും ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന മാമാങ്കങ്ങള്‍ അവര്‍ ലോകത്തിനു മുന്നില്‍ വിളമ്പും.എന്തായാലും ഒരു പതിരുപത്തഞ്ചു വര്ഷം കൂടി തന്റെ മഹിമകള്‍ കെടാതെ ജ്വലിച്ചു കൊണ്ടിരിക്കും.മക്കളെ എന്ന് വിളിച്ചു കൊണ്ട് ഈ വിഡ്ഢികളോട് തുരു  തുരാ പറഞ്ഞു കൊണ്ടിരുന്നാല്‍ മതി.അനുയായികളെ സൃഷ്ടിക്കല്‍ മാത്രമല്ല നിലനിര്‍ത്തലാണ് ഏറ്റവും പ്രയാസകരം.പ്രശസ്തിയുടെയും അധികാരത്തിന്റെയും കാര്യവും ഇത് തന്നെ.
തന്റെ മക്കള്‍ എല്ലാം മറന്നു ഭജനയില്‍ ലായനിയും ലയകവും പോലെ ലയിച്ചിരിക്കയാണ്.
തൂ മേ കസം ഹേ അപ്നേ മാകീ
ജിസ്കീ തും സന്താന്‍ ഹോ
ആജ് ദികാതോ ദുനിയാ കേ തും മര്‍ദേ മൈതാന്‍ ഹോ
ഇക് ലിക ലിട്കീ ഇക് ലിക ലിട്കീ
ഇക് ലിക ലിട്കീ ഹോയ്‌
അന്നേരമാണ് അയാള്‍ വീണ്ടും ഓടി വന്നത്.
“ബിസ്മില്ലാഹി റഹ്മാനി റഹീം”
എല്ലാ മുസ്ലിം തീവ്ര വാദികളും ഉരുവിടുന്ന ആ മന്ത്രം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ് അയാള്‍ ചുഴലിക്കാറ്റു പോലെ വന്നത്.ഇതിന്റെ ആശയം എന്താണ് എന്ന് താന്‍ പിന്നീട് ഒരു മുസ്ലിയാരില്‍ നിന്ന് മനസ്സിലാക്കുകയുണ്ടായി.ഇത്രയേയുള്ളൂ.പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരു നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.ഏതു സല്കര്മം ചെയ്യുമ്പോഴും ഒരു മുസല്‍മാന്‍ ഉരുവിടെണ്ട മന്ത്രം.താന്‍ അന്ന് അര്‍ഥം അറിയാതെ തന്നെ അര്‍ഥം ഇതായിരിക്കുമെന്ന് ധരിച്ചു :അല്ലാഹുവിന്റെ പേരില്‍ എല്ലാവരെയും കൊല്ലുവീന്‍.ഹ,ഹ,ഹ.....നമുക്ക് വേണമെങ്കില്‍ ഏതു അര്‍ത്ഥവും ആവശ്യാനുസരണം ഉല്‍പാദിപ്പിചെടുക്കാം.നൂറ്റാണ്ടുകളായുള്ള ജനിതക വൈരം കെടാതെ കത്തിക്കൊണ്ടിരിക്കുന്നുണ്ടല്ലോ.അതിനെ ഒന്ന് ഊതിത്തെളിക്കുകയേ വേണ്ടൂ.
അറബിയിലുള്ള ആ വാക്കുകള്‍ തന്നെ ധാരാളം ആയിരുന്നു.കേള്‍ക്കേണ്ട താമസം നാലുപാടു നിന്നും അംഗരക്ഷകര്‍ ഓടിയെത്തി.നിമിഷങ്ങള്‍ക്കകം അയാളെ ബന്ധിച്ചു തന്റെ മുന്നില്‍ കൊണ്ട് വന്നു.അപ്പോഴേക്കും ഭജന അലമ്കോലമായിക്കഴിഞ്ഞിരുന്നു.ആളുകള്‍ നാലുപാടും ചിതറിയോടി.ചില കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരിക്ക് പറ്റി.ആശുപത്രി ആംബുലന്‍സും പരിവാരങ്ങളും ഇരമ്പിയെത്തി ഭക്തരെ ആശുപത്രിയിലെത്തിച്ചു.ഉത്സവത്തിന്‌ ആന വിരണ്ടാല്‍ പോലും ഇത്ര “ഭീകരത”സൃഷ്ടിക്കപ്പെടുമെന്നു തോന്നുന്നില്ല.
അയാളുടെ മുഖത്ത് അന്നേരവും ആ പഴയ സ്ഥൈര്യവും ഊര്‍ജസ്വലതയും സൌമ്യതയും ശാന്തിയും നിറഞ്ഞു നിന്നിരുന്നു.ആദ്യത്തെ അടി വീണത്‌ സച്ചിദാനന്ദ സ്വമികളാല്‍ ആയിരുന്നു.ബുദ്ധനെ പോലെ ശാന്തത ഓളം വെട്ടിയിരുന്ന സച്ചിദാനന്ദ സ്വാമികള്‍ക്ക് എങ്ങനെയാണ് മനുഷ്യരെ ശിക്ഷിക്കാന്‍ കഴിയുന്നത് എന്ന് പലപ്പോഴും താന്‍ അത്ഭുതം കൂറി യിട്ടുണ്ട്.ബുദ്ധമതവും ഇപ്പോള്‍ അക്രമത്തിന്റെ പാതയിലാണ്,എങ്കിലേ മതം വളരൂ എന്നാണു സ്വാമി പറയാറ്.
ഇറ്റലിയില്‍ നിന്നു വന്ന വയലറ്റിന്റെ വകയായിരുന്നു അടുത്ത താഢ നം.അയാളുടെ ഇടതു കവിള്‍  ആ അടിയില്‍ ചുവന്നു തുടുത്തു.കൈകള്‍ ബന്ധിച്ചിരുന്നതിനാല്‍ അയാള്‍ക്ക്‌ കവിളുകള്‍ തടവാന്‍ പോലും കഴിഞ്ഞില്ല.ഷര്‍ട്ട്‌ അഴിചെടുക്കപ്പെട്ടു വെറും അണ്ടര്‍വെയറില്‍  മാത്രം തളച്ചിടപ്പെട്ട അയാള്‍ ക്രൂശിതനായ യേശുവിനെ അനുസ്മരിപ്പിച്ചു.അയാള്‍ക്ക്‌ എല്ലാ പ്രവാചകന്മാരുടെയും മുഖഛായയായിരുന്നു.
താന്‍ ഒന്നും ചെയ്യേണ്ടിയിരുന്നില്ല.അയാളെ ഹിംസിക്കാന്‍ ഭക്തജനങ്ങള്‍ തന്നെ ധാരാളമായിരുന്നു.എങ്കിലും അയാളുടെ അഹംബോധത്തെ കെടുത്താനായി താന്‍ എന്തെങ്കിലും ചെയ്തെ മതിയാകൂ.ചെരിപ്പഴിച്ചു അയാളുടെ ചുവന്നു തുടുത്തു മനോഹരമായ മുഖത്ത് തലങ്ങും വിലങ്ങും അടിച്ചു.അന്നേരവും അയാള്‍ ക്രിസ്തുവിനെ പോലെ നിസ്സംഗനായി.അന്നേരം തനിക്ക് എവിടെ നിന്നോ പണ്ടേയുള്ള ബാധ തിരിച്ചു വന്നു.
“നായിന്റെ മോനെ”
മക്കളേ  എന്ന് വിളിക്കുന്ന നാവില്‍ നിന്നും അത് എങ്ങനെ നിര്‍ഗളിച്ചു എന്ന് അറിയില്ല.പുറത്തെ കെട്ടിടം വാര്‍ക്കുമ്പോള്‍ ഉപയോഗിക്കാനായി വെച്ചിരുന്ന മുളവടികള്‍ അന്നേരമാണ് തന്റെ ശ്രദ്ധയില്‍ പെട്ടത്.അതിലൊന്ന് എടുത്തു കൊണ്ട് വരാനായി താന്‍ ഉത്തരവിട്ടു.അംഗരക്ഷകരിലൊരാള്‍ അതുമായി വന്നു.
“തുടങ്ങിക്കോളൂ.ഒന്നും ബാക്കി വെക്കേണ്ട”--ആജ്ഞ്ഞയ്ക്കായി കാത്തിരുന്നത്പോലെ അവര്‍ വേഗം ആരംഭിച്ചു.കൈകാലുകളും വാരിയെല്ലും തകര്‍ക്കപ്പെട്ടു.അടുത്ത അടി അയാളുടെ മൂക്കിലാണ് പതിച്ചത്.പൈപ്പ് പൊട്ടി കലക്കവെള്ളം ഒഴുകുന്നത്‌ പോലെ അയാളുടെ മൂക്കില്‍ നിന്ന് രക്തം കുത്തിയൊലിച്ചു.ഇത്ര വേഗതയില്‍ ചോര ചീറ്റി യൊഴുകുമെന്നു തനിക്ക് അറിയില്ലായിരുന്നു.പാപത്തിന്റെ ആനന്ദത്തിനു ഇത്ര ആനന്ദം ഉണ്ടാകുമെന്നും അറിയില്ലായിരുന്നു.അടുത്ത ആഘാതം അയാളുടെ പിന്‍തലയിലാണ് പതിച്ചത്.അതോടെ അയാളുടെ ബോധം മറഞ്ഞു.ഇനി ഒരു വഴിയേയുള്ളൂ.ആഭ്യന്തരത്തെ വിളിക്കുക.ആഭ്യന്തരം ഉടനെ തന്നെയെത്തി.കൂടെ ഒരു ജീപ്പ് നിറയെ പോലീസുകാരും.അബോധാവസ്ഥയിലുള്ള ആളെയും അറസ്റ്റ് ചെയ്യാമെന്ന് അന്നാണ് അറിഞ്ഞത്.നമ്മുടെ രാജ്യത്തെ നിയമം പണവും അധികാരവും ഉള്ളവന് തന്നെയാണ്.അത് കൊണ്ടാണല്ലോ താന്‍ അത് നിലനിര്‍ത്താന്‍ പെടാപാട് പെടുന്നത്.ഇങ്ങനെ തട്ടി മുട്ടി ജീവിച്ചു പൊയ്ക്കോട്ടേ മാഷേ.....

ഓം സച്ചിദാനന്ദ പരബ്രഹ്മാ
പുരുഷാര്‍ഥമ: പരമാത്മാ
ശ്രീഭഗവതീസമേതാ ശ്രീഭഗവതീ നമ:
ഭജന കുറേശെ ഇഴയാന്‍ തുടങ്ങിയിരിക്കുന്നു.ഭക്തര്‍ ഭക്തിരസത്തിലാറാടി ക്ഷീണിച്ചിരിക്കുന്നു.ഇടയ്ക്കു സംഭാരം മോന്താനും ടോയ്ലെറ്റില്‍ പോകാനുമായി ആളുകള്‍ എഴുന്നേല്‍ക്കുന്നുണ്ട്.അതോ അവര്‍ക്ക് ഭക്തി മടുപ്പായി രൂപാന്തരപ്പെടുന്നുണ്ടോ.അതൊക്കെ തന്റെ വെറും തോന്നലുകള്‍ ആയിരിക്കും.ഈ ജനത്തിന് ഭക്തി ഒരിക്കലും മടുക്കില്ല.പുരുഷാര്‍ഥങ്ങള്‍ ഒരിക്കലും മടുക്കില്ലല്ലോ.
ആങ്,അങ്ങനെയാണ് രത്നാറാം മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്‌.ആശ്രമത്തില്‍ അനുമതിയില്ലാതെ പ്രവേശിച്ചു ഇസ്ലാമികതീവ്രവാദം പ്രചരിപ്പിക്കാനായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാണ് അയാള്‍ക്കെതിരെയുള്ള കേസ്.അയാളെ കൈകാര്യം ചെയ്തത് ചരിത്രത്തിലെവിടെയും ഉണ്ടാകില്ല.അടുത്ത ആഭ്യന്തരവും നമ്മുടെ ആളാകാനാണ് സാധ്യത.അല്ലെങ്കിലും നമ്മുടെ ആളായി മാറാതെ ആര്‍ക്കും തരമുണ്ടാകില്ല.

തക്ദീര്‍ സെ ലഡ്നേകാ കോയീ  
തക്ദീര്‍ കെ ആഗേ രുക്ജാ
പാനീ പര്‍ ചല്‍  ന സകാ
കോയീ തൂ കഹാ രുക്ജാ
രുക്ജാ രുക്ജാ രുക്ജാ
വിധിയെ തടുക്കാന്‍ ഈ അമ്മയ്ക്ക് പോലും ആവില്ലല്ലോ.രത്നാറാമിന്റെ വിധി അതായിരുന്നു.അയാള്‍ ഇവിടെ തിരിചെത്തണമെന്നും തന്റെ കൈ കൊണ്ട് മരിക്കണമെന്നും.അയാളെ ചെറുതായി ഉപദ്രവിച്ചു വിടുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യം.പക്ഷേ, ഭക്തര്‍ ഇളകിയാല്‍ എന്ത് ചെയ്യും.ചിത്തരോഗാശുപത്രിയിലെ അയാളുടെ അന്തേവാസിയും തന്റെ ഭക്തനായിരുന്നല്ലോ.താന്‍ ഒന്നും കല്‍പ്പിക്കാതെ തന്നെ അയാള്‍ രത്നാറാമിനെ അവസാനിപ്പിച്ചു.പ്ലാസ്റ്റിക്‌ കയറുപയോഗിച്ചു കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചു കൊന്നു.അയാള്‍ ശരിക്കും ഒരു മനോരോഗിയായിരുന്നു.പക്ഷേ,  രത്നാറാം ......
അയാളെ താന്‍ പ്രണയിച്ചിരുന്നുവോ.തനിക്ക് ആരെയെങ്കിലും പ്രണയിക്കാന്‍ കഴിയുമോ?ഇവിടെ പ്രണയവും ഭക്തിയും കൊലയും ഒന്നാകുന്നു.ചരിത്രത്തിലാദ്യമായി തനിക്ക് അത് തെളിയിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
മമ്മം മമ്മാ ഹ:ഹ:മമ്മം മമ്മാ
മേ ഹൂം തേരീ അമ്മ ഹ:ഹ:
സോജാ സോജാ സോജാ
കൈസാ ഹേ അച്ചാ ഹേ തൂ
ക്യാ ഹേ തേരാ ഹാല്‍.....
ഭജന ഉറക്കത്തിലേക്ക് വഴുതി വീഴാന്‍ ഒരുങ്ങി നില്‍ക്കുന്നു.മക്കളുടെ കണ്ണുകളില്‍ നിദ്രാ ദേവിയുടെ കടാക്ഷം താന്‍ കാണുന്നു.ഇനി ഇവര്‍ ഉറങ്ങട്ടെ.തനിക്ക് വേണ്ടി ഒരു പാട് ക്ഷീണിച്ചതല്ലേ.ആശ്രമത്തിലെ വിളക്കുകളെല്ലാം കെടാനൊരുങ്ങി നില്‍ക്കുന്നു.ആശ്രമം ഇരുട്ടിലായാല്‍ അയാളുടെ ചോരയുടെ മണം  ഒഴുകി വരുമായിരിക്കും,അല്ലേ.സാരമില്ല, തന്റെ ഒരു പാട് കാമുകരില്‍ ചോര കൊണ്ട് ചരിത്രം എഴുതിയവനായി  അവന്‍  മാറിയിരിക്കുന്നു.
ഭക്തരെല്ലാം പിരിഞ്ഞു.വിളക്കുകളെല്ലാം അണഞ്ഞു.നിലാവെട്ടത്തില്‍,ചെറുമാരുതനില്‍ അതാ രത്നാറാം വീണ്ടും കയറി വരുന്നു.

2 comments:

  1. ഈ യ്യിടെ ഉണ്ടായ ഒരു സംഭവത്തെ കഥയാക്കി അല്ലെ? കൊള്ളാം :)

    ReplyDelete
  2. സത്നാംസിംഗിന്റെ മരണം അല്ല കൊലപാതകം എന്നിലെല്പ്പിച്ച ആഘാതം ആണ് ഇതെഴുതാന്‍ പ്രേരകം ആയത്.വായിച്ചതിനു നന്ദി,,,,,

    ReplyDelete