പ്രിയ കല്‍ബുര്‍ഗീ,
ഈ നരകത്തില്‍ നിന്ന്
നിന്നെയവര്‍
മോചിപ്പിക്കുകയായിരുന്നു.
അനന്തമൂര്ത്തിയുടെയും
ധബോല്‍ക്കറുടെയും
പന്സാരെയുടെയും
സ്വതന്ത്രാവിഷ്ക്കാരസ്വര്‍ഗത്തിലേക്ക്.
അവര്‍
ഷാര്‍പ്പ് ഷൂട്ടേര്‍സാണ്.
ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന്
ത്രിശൂലത്തില്‍ കോര്‍ത്ത്
വിദ്വേഷത്തീയിലേക്ക്
വലിച്ചെറിഞ്ഞിരുന്നവരാണ്.
ആനന്ദുപട്വര്ധന്റെ
ഡോകുമെന്ടറിയില്‍ നിന്നിറങ്ങി വന്നവരെപ്പോലെ
ഉറഞ്ഞ്,
പറ്റങ്ങളായി,
കലിയാടി
ജന്തുസഹജമായ
എല്ലാ നൃശംസതകളും
കെട്ടഴിച്ചു വിടുന്നവരാണ്.
അവരേറ്റവും ഭയക്കുന്നത്
എഴുത്തുമുറിയാണ്.
അതുകൊണ്ടാണവര്‍
തീന്മുറിയില്‍ നിന്ന്
നിന്നെ സ്വതന്ത്രനാക്കിയത്.
ആശയങ്ങളില്ലാത്തതും
മനുഷ്യരിലാശയില്ലാത്തതുമാണവരെ
അന്ധരാക്കുന്നത്.
വേദം കേട്ടതിന്റെ പേരില്‍
ശൂദ്രന്റെ കാതില്‍
ഈയമുരുക്കിയൊഴിച്ചതിനാല്‍
ബധിരരുമായി.
രോമകൂപങ്ങളില്‍ നിന്ന്
പകയും അസൂയയുമാണ്
വമിക്കുന്നത്.
പെരുമാള്‍ മുരുകനെക്കാള്‍
നിന്നെയവര്‍ ഭയക്കുന്നു.
നിനക്ക് ജംബുകന്റെ വിധിയായിരുന്നു.
അധികാരത്തിനു
അടുത്തയിരയെയും
പ്രഖ്യാപിക്കാന്‍ കഴിയും.
കീഴടക്കപ്പെട്ടവന്റെ
നെറ്റിയിലെ ഒത്ത മധ്യത്തില്‍ വെടിയുതിര്‍ത്തു
ഏറ്റുമുട്ടല്‍ കൊലപാതകമോ
രാജ്യരക്ഷയോയായി
പതക്കങ്ങളും കിരീടങ്ങളും
നേടാനാവും.
പ്രിയ കല്‍ബുര്‍ഗീ,
അങ്ങ് ഭാഗ്യവാനാണ്.
പക്ഷികള്‍ പറക്കാത്ത നീലാകാശവും
മല്സ്യങ്ങളില്ലാത്ത കടലും
മരങ്ങളും പൂക്കളുമില്ലാത്ത കാടും
തെളിനീരുറവയില്ലാത്ത താഴ്വരയും
അങ്ങേക്കിനി കാണേണ്ടി വരില്ല.
ആവിഷ്ക്കാരസ്വതന്ത്രവും
ചതികളില്ലാത്തതുമായ(?)
യമലോകത്ത്
അങ്ങ്
വിശ്രമിക്കൂ,
വര്‍ഗീയഭീതിയില്‍ കൈ വിറക്കാതെ
എഴുതൂ,
മനുഷ്യരെയൊന്നായി കാണുന്ന
സുരഭിലമാം പാട്ടുകള്‍ പാടൂ,
പ്രലോഭനവും പരനിന്ദയും തീണ്ടാത്ത
കാണികള്‍ ഭക്ഷിക്കൂ,
സൂര്യലെന്സുകളാല്‍ ഒപ്പിയെടുത്ത
മഴവില്ലിന്റെ തിരശ്ശീലയില്‍ വിരിയുന്ന
ദുഖങ്ങളും വേദനകളും
രോഗങ്ങളും യുദ്ധങ്ങളുമില്ലാത്ത
സിനിമകള്‍ കാണൂ,
ആനന്ദിക്കൂ......
ഞങ്ങളീ നരകജനാലകളിലൂടെ
അങ്ങയുടെ സന്തോഷം
കണ്കുളിര്‍ക്കെ
ഹൃദയം നിറഞ്ഞ്
കരള്‍ വിജൃംഭിച്ച് കാണാം.