ഷാഹിദ് അലീ ,
നീ ഇത് ചെയ്യേണ്ടായിരുന്നു .ആരുടെ മുന്നിലും തലയുയര്ത്തിപ്പിടിച്ചു നടന്നിരുന്ന നീ എന്തിനിത് ചെയ്തു ?
ഏഴാം തരം വരെ നീ നല്ലൊരു കുട്ടിയായിരുന്നു .നിനക്കെന്താണ് പിന്നീട് സംഭവിച്ചത് ?ഞാനൊരിക്കല്‍ നിന്നോടിതു ചോദിച്ചിരുന്നു .അന്ന് നീ നമ്മുടെ പത്താം തരത്തിലെ ഏറ്റവും പിന്ബെഞ്ചില്‍ ഇരുന്നിരുന്ന ഏറ്റവും ബുദ്ധിയും ചുണയും തന്റെടവുമുള്ള പയ്യന്‍!
നിന്നോടെനിക്ക് ചെറിയോരസൂയ !നിന്റെ ധൈര്യം ,സാമര്‍ത്ഥ്യം ,ആണത്തം .......
നീ പക്ഷെ ഹെമിങ്ങ്വെയെ പോലെ ,വിര്‍ജീനിയ വൂള്‍ഫിനെ പോലെ ,രാജലക്ഷ്മിയെ പോലെ നമ്മുടെ അവധാനതയെ മടുത്തിട്ടാണോ വേഗത്തില്‍ നിഷ്ക്രമിച്ചു കളഞ്ഞത് ?
നീ അന്ന് വെറുതെ ചിരിക്കുക മാത്രം ചെയ്തു .ഞാന്‍ അന്ന് നിന്റെ മുന്നില്‍ ഒരു തോറ്റ കുട്ടിയായി .സ്കൂളിന്റെ ഘടനയെയും പാരമ്പര്യരീതികളെയും നീയെതിര്‍ത്തു .എനിക്ക് നിന്നോട് ഒന്നും പറയാനുണ്ടായിരുന്നില്ല .
നീയിത്ര പെട്ടെന്ന് നമ്മെ ബഹിഷ്കരിക്കുമെന്ന് കരുതിയിരുന്നില്ല .ഒരു പരീക്ഷയുടെ പരാജയത്തിന്റെയോ എഴുതാന്‍ കഴിയാത്തതിന്റെയോ പേരില്‍ നീയിങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല .
വളരെ ചെറുപ്പത്തില്‍ തന്നെ നീ ജീവിതം ജീവിച്ചു തീര്തിരിക്കാം ,നമ്മെക്കാള്‍ വേഗത്തില്‍.....
ജീവിതത്തിന്റെ എല്ലാ ലഹരിയും കടന്നു നീ മറ്റൊരു ലഹരി പരീക്ഷിച്ചതാവുമോ ......
ഉയരത്തില്‍ നിന്ന് ചാടുന്നതിനു മുന്‍പ് നീ നിന്റെ സുഹൃത്തിനെ വിളിച്ചിരുന്നുവെന്നു പറയപ്പെടുന്നു .കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് നീ താഴേക്ക് പറന്നത്.നീ എന്താണ് അവസാനമായി അവനോടു പറഞ്ഞത് ?
ഞാന്‍ എല്ലാ പരീക്ഷകളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും സ്വതന്ത്രമാവുകയാനെന്നോ...നീ വലിച്ചു തീര്‍ത്ത സിഗരറ്റ് കുറ്റികള്‍ നിന്റെ ദൈന്യതയെ കുറിച്ച് വല്ലതും പറയുമോ ?ടെറസ് നിറയെ അതായിരുന്നുവെന്നു നിന്റെ ആത്മമിത്രങ്ങള്‍ പറയുന്നു .
നിനക്കെന്നെ സുഹൃത്തായി കണ്ടുകൂടായിരുന്നോ .എങ്കില്‍ നിന്നെക്കുറിച്ചു എനിക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുമായിരുന്നു .
മതപരവ്യക്തിത്വമാണ് നീയെന്നാണ് ഞാന്‍ കരുതിയത് .ശാഹിദെ,നീയാരാണ് യഥാര്‍ത്ഥത്തില്‍ ....രക്തസാക്ഷിയോ വിപ്ലവകാരിയോ ....?
No comments:
Post a Comment