Search This Blog

Oct 26, 2013

നാനോ



വീണപൂവിന്റെ
ദൈന്യതയെ
ക്ഷണികതയെ
സൂചിപ്പിച്ചപ്പോള്‍
അനാട്ടമിയെക്കുറിച്ചാണ്
നീ
പറഞ്ഞത്.


പൂവിന്റെ
ജീനസും സ്പീഷീസും
ക്ലാസും ഫാമിലിയും
ഏതെന്നു
നീ തിരക്കി.
ശാസ്ത്രീയനാമത്തെക്കുറിച്ച്
വ്യാകുലയായി.
എത്ര മാര്‍ക്കിന്റെ
ചോദ്യമായിരിക്കുമെന്നും
എത്ര വാക്കുകളില്‍
വിവരിക്കണമെന്നും
ആകുലയായി.
വീണസമയം,
നക്ഷത്രം,
ജാതകമെന്നിവയില്‍
മുഗ്ദ്ധയായി.


ടൈംമെഷീനും
ഫ്രാങ്കന്‍സ്റ്റൈനും
വായിക്കാന്‍ പറഞ്ഞപ്പോള്‍
ഗൈഡുകള്‍ കിട്ടുമോയെന്ന്
നീയന്വേഷിച്ചു.


അതെ,
എല്ലാ സംവാദങ്ങളിലും
ഞാനാണ്
തോല്‍ക്കുന്നത്.


Sep 9, 2013

ചില ജീവസന്ധാരണപ്രശ്നങ്ങള്‍




ഭാഷയാണിന്നും പ്രശ്നം
അവരെന്റെ ഭാഷയില്‍ മാത്രം
കയറിപ്പിടിച്ചു
പാഠത്തില്‍ നിന്നും
പുറത്താക്കുന്നുവെന്നാണല്ലോ
വിജയന്‍ മാഷ്‌ പറഞ്ഞത്.

വേദഗ്രന്ഥങ്ങള്‍ പോലും
മാറി.
ഭരണഘടന,
പ്രോട്ടോകോള്‍,
പാരമ്പര്യരീതികളെന്നിവ
ഒരിക്കലും മാറരുത്.

മതങ്ങള്‍
സ്ഥാപനവല്‍ക്കരിക്കപ്പെട്ടു.
മാറാതെയിന്നും
മലയാളി.



Jul 18, 2013

വികസനം




കളകളൊക്കെ
പറിച്ചെറിയണം
വിളവുകളുടെ
തെഴുപ്പു
എങ്കിലേ
ദൃശ്യമാകൂ

അരിഞ്ഞെറിയേണ്ടത്
അറിഞ്ഞു,അരിഞ്ഞു
കളയണം
എങ്കിലേ
സമൃദ്ധിയുടെ
സുതാര്യത
ലോകമറിയൂ

പി.ആര്‍.ഓ.പണിക്ക്
വെബ്‌ കമ്പനിയെയേല്‍പ്പിച്ചത്
അധികമാരുമറിയില്ല.
അറിഞ്ഞവരും
ആരെയോ ഭയപ്പെട്ടോ
വെറുത്തോ
പകയാലോ
തുറന്നു പറയുന്നില്ല.
എല്ലാം ഭദ്രം.
അടുത്ത ഊഴം
എനിക്ക് തന്നെ.
നമ്മുടെ പാളയത്തില്‍ത്തന്നെ
പടയൊരുക്കമുണ്ട്.
നിസ്സാരമായൊതുക്കാം

കളകള്‍ തന്നെയാണ്
വല്യ പ്രശ്നം.
പറിച്ചു കളഞ്ഞു
കഴിഞ്ഞാലാണ് പ്രശ്നം.
വ്യാഖ്യാനങ്ങള്‍
പലതു വരും.
സാരമില്ല,
സുന്ദരസുവിശാലറോഡുകളും
അനേകകൈവഴികളാം
മേല്‍പ്പാലങ്ങളും
മെട്രോറെയിലും
സൌജന്യ കളര്‍ടി.വി.യുമൊക്കെ
കൊടുത്താല്‍ മതി.

ദിനംപ്രതി
പുതിയ വാര്‍ത്തകള്‍
പിറക്കയല്ലേ
ലോകര്‍
വേഗം മറന്നോളും.

Mar 26, 2013

ചുമരെഴുത്ത്



“ഞാന്‍ നിന്നെ
സ്നേഹിക്കുന്നു
മാന്കിടാവേ”

‘ബോര്ഡര്‍
സെക്യൂരിറ്റി
ഫോഴ്സ്.’
ഹിന്ദുരാഷ്ട്രം,
ക്ഷേമരാഷ്ട്രം.

‘എസ്.എഫ്.ഐ.’
വിപ്ലവാഭിവാദ്യങ്ങള്‍.

‘എ.ബി.വി.പി.’
ഹിന്ദു ഉണര്‍ന്നാല്‍
രാജ്യമുണര്‍ന്നു.

രാഹുല്‍ വിത്ത്‌ അമൃത,
ഷിഫാസ് വിത്ത്‌ ഫാസില,
ഗ്ലോറിയ വിത്ത്‌ മാത്യു കുര്യന്‍.

തവള വര്‍ക്കി,
ചൊറിയന്‍ ചാണ്ടി,
ഞൊണ്ടി അന്തുര്‍മാന്‍,
സഖാവ് അനിലന്‍,
കോങ്കണ്ണി മറിയം.

ഇങ്ങനെ
ചുമരെഴുത്തുകളേറെ.
സ്കൂള്‍ പി.ടി.എ.
ചുമര്‍ വെള്ള വലിച്ചിട്ടും
വികൃതാക്ഷരങ്ങളും
സിംബലുകളും
കുട്ടികളെപ്പോലെ
കുസൃതികാട്ടി തെളിഞ്ഞു നിന്നു.

മഷിത്തണ്ടും
കരിക്കട്ടയും
തേടി
അവര്‍
ക്ലാസ്സില്‍ നിന്നും
പുറത്തുചാടി.